തലശ്ശേരി: യാത്രയ്ക്കിടെ ഒന്നരവർഷം മുമ്പ് ബീഹാറിൽ നിന്നും വഴിതെറ്റി കേരളത്തിലെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന 19 കാരനെ ബന്ധുക്കളെത്തി കൊണ്ടു പോയി. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഒ.കെ മുഹമ്മദ് അഷ്രഫ്, മിസിംഗ് പേഴ്സൺ കേരള വാട്സ്ആപ് ഗ്രൂപ് വഴി നടത്തിയ ഇടപെടലിലാണ് ബീഹാർ കാർണിയ ജില്ലയിലെ കർഷകനായ അബ്ദുൽഗഫൂറിന്റെ മകൻ ബർക്കത്ത് ആലത്തെ (19) ബന്ധുക്കൾക്ക് ലഭിച്ചത്.
വ്യാഴാഴ്ച രാവിലെ എരഞ്ഞോളി പാലത്തിനു സമീപത്തെ ആഫ്റ്റർ കെയർ ഹോമിലെത്തിയ സഹോദരൻ ഇഹ്സാനാണ് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. മിസ്സിംഗ് ഗ്രൂപ്പിലേക്കു വന്ന സന്ദേശം ലഭിച്ച ഡൽഹി സ്വദേശിയായ അഫ്സാർ അഹമ്മദ് ഖാൻ സുഹൃത്തായ രാജസ്ഥാനിലെ പൊലീസ് ഉദ്യോഗസ്ഥൻ ആഷിഖ് ഹുസൈൻ വഴി നടത്തിയ അന്വേഷണമാണ് ബർകത്തിന്റെ ബന്ധുക്കളെ കണ്ടെത്താനിടയാക്കിയത്.