aashitha

കാസർകോട്: കാൽവിരലുകളൂന്നി 10.11 മിനിറ്റ് നിന്ന് ലോക റെക്കാഡ് കുറിച്ച് കാസർകോട് കുഡ്‌ലുവിലെ ഇരുപത്തിയാറുകാരി ആഷിത. പൂനെ സ്വദേശിയായ ഗോകുലിന്റെ ആറു മിനുട്ടെന്ന സമയത്തെയാണ് ആഷിത ഭേദിച്ചത്.ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്ക, യു.എ.ഇ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുത്തിരുന്നു.

റെക്കാഡ് നൽകിയ നൽകുന്ന ഐ.എസ്.ഒ സർട്ടിഫൈഡ് ഓർഗനൈസേഷനായ കലാം നിയോഗിച്ച ജഡ്‌ജിംഗ്‌ പാനലിന് മുമ്പാകെ ആയിരുന്നു പ്രകടനം.കുഡ്‌ലുവിലെ ജീത് നിവാസിൽ അജിത് കുമാറിന്റെയും ജയശ്രീയുടെയും ഏകമകളായ ആഷിത ഉപ്പള എ.ജെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപികയാണ്. അൽവാസ് കോളേജിൽ നിന്ന് ബിരുദവും മംഗളുരു യുണിവേഴ്സിറ്റിയിൽ നിന്ന് പി ജിയും ഗോകർണ്ണാദേശ്വര കോളേജിൽ നിന്ന് ബി എഡും പാസായ ആഷിതക്ക് ഏതെങ്കിലും ഇനത്തിൽ റെക്കോർഡ് സ്ഥാപിക്കണമെന്നത് ചെറുപ്പം തൊട്ടുള്ള സ്വപ്നമായിരുന്നു. ബിഎഡ് കഴിഞ്ഞതിന് ശേഷം 'ഗൂഗിളിൽ' തിരഞ്ഞാണ് ഈ മത്സരയിനം കണ്ടെത്തിയത്. പിന്നീടുള്ള ലക്ഷ്യം ഇതിലെ റെക്കാഡായ ആറു മിനുട്ട് മറികടക്കണമെന്നതായി .

തുടർച്ചയായി ഒരു മാസം പരിശീലിച്ചു.ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷമായിരുന്നു പരിശീലനം. തുടക്കത്തിൽ വിരലുകളും കാൽമുട്ടുകളും മടമ്പുകളും അരക്കെട്ടുമെല്ലാം വേദനിച്ച് പുളഞ്ഞു. നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോയപ്പോൾ പതിയെ ആഷിതക്ക് മുന്നിൽ സമയം കീഴ്പ്പെട്ടു. രണ്ടു മിനുട്ട് അഞ്ചിലേക്കും പിന്നാലെ ആറു മിനുട്ടിലേക്കും എത്തി. മത്സരത്തിൽ പക്ഷെ എല്ലാവരെയും ഞെട്ടിച്ച് 10.11 മിനുട്ട് എന്ന മികച്ച സമയം നേടി. റിട്ട മിലിട്ടറി ഉദ്യോഗസ്ഥൻ കൂടിയായ മുത്തച്ഛനും എസ്.ആർ അച്യുതനും മുത്തശ്ശി റിട്ട. ജില്ലാ രജിസ്ട്രാർ സരോജിനിയും മാതാപിതാക്കളും പിന്തുണയുമായി നിന്നതോടെ ആഷിത ലോകറെക്കാഡ് എത്തിപ്പിടിച്ചു.

ടി.കുമരവേൽ സ്ഥാപകനും ചെയർമാനുമായ കലാം ഓർഗനൈസേഷന് ചെന്നൈ, മുംബൈ, ബംഗളുരു എന്നിവിടങ്ങളിൽ ആസ്ഥാനമുണ്ട്. ചെന്നൈയിൽ വച്ച് സി.ഇ.ഒയിൽ നിന്നാണ് ആഷിത സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങിയത്.

ഇത്രയും സമയം വിരലുകളിൽ നിന്നുകൊണ്ട് റെക്കോർഡ് നേടാൻ കഴിഞ്ഞതിൽ വലിയ ആഹ്ളാദമുണ്ട്. പരിശീലന സമയത്തൊന്നും ഇത്രയും ദൈർഘ്യത്തിൽ നിൽക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ മികച്ച സമയം നേടുമെന്ന് ഉറപ്പിച്ചു തന്നെയാണ് മത്സരത്തിൽ പങ്കെടുത്തത്. തുണച്ചവർക്കെല്ലാം നന്ദി -ആഷിത കുഡ്‌ലു