തൃക്കരിപ്പൂർ: തീരദേശങ്ങളിലടക്കം തൃക്കരിപ്പൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കോഴി രോഗം പടരുന്നു. വ്യാപകമായി കോഴികൾ ചത്തുവീഴുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ നൂറിലധികം ചത്തു വെന്നാണ് ലഭിക്കുന്ന വിവരം .എടാട്ടുമ്മൽ കിഴക്കെക്കരയിൽ സി.കെ. രാജൻ പരിപാലിച്ചു വരുന്ന നാൽപ്പ തോളം കോഴികളിൽ പത്തോളം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചത്തു. തൊട്ടടുത്ത വീട്ടിലെ എം.വി.ഗംഗന്റെ അഞ്ചു കോഴികളും ഇന്നലെ ചത്തുവീണു.
മുനവ്വിറൽ മദ്രസ ക്ക് സമീപത്തെ ടി.പി. അസ്ലമിന്റെ വീട്ടിൽ വളർത്തിയിരുന്ന നൂറോളം കോഴികൾ പല ദിവസങ്ങളിലായി ചത്തു. ഇവിടെ പത്തോളം കോഴികൾ മാത്രമേ ഇനി ബാക്കിയുള്ളൂവെന്നാണ് വീട്ടുകാർ പറയുന്നത്. അതുപോലെ വെള്ളാപ്പിലെ ഹസീനയുടെ മുപ്പതോളം കോഴികളാണ് ചത്തത്. ഈ കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ട ബാക്കി കോഴികളുടെ കാര്യത്തിൽ ആശങ്കപ്പെടുകയാണ് വീട്ടുകാർ. മുട്ടക്കോഴികളാണ് കൂട്ടത്തോടെ ചാവുന്നത്.
കോഴി വസന്തയോ പക്ഷിപ്പനിയോ അല്ലെന്നാന്ന് സൂചനകൾ. രോഗകാരണമറിയാൻ ആശുപത്രിയെ സമീപിച്ചപ്പോൾ ഗുളിക കൊടുത്തു വിടുകയാണ് ചെയ്യുന്നതെങ്കിലും അതുകൊണ്ട് ഫലം ഉണ്ടാകുന്നില്ല. തുടർന്ന് ഒരാൾ രോഗം ബാധിച്ച് ചത്ത കോഴിയുമായി പയ്യന്നൂരിലെ മൃഗാശുപത്രിയെ സമീപിക്കുകയും ആശുപത്രി അധികൃതർ പോസ്റ്റുമോർട്ടം ചെയ്തു വിര ശല്യമാണ് മരണകാരണമെന്ന് അറിയിച്ചുവെന്നാണ് വീട്ടുകാർ പറയുന്നത്. എന്തായാലും അടിയന്തര പ്രാധാന്യത്തോടെ ആവശ്യമായ ചികിത്സ നൽകാനുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.