മയ്യിൽ: സംസ്ഥാന സർക്കാർ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയുടെ ജില്ലയിലെ ആദ്യ സ്റ്റാൾ കുറ്റിയാട്ടൂർ കുടുബശ്രീ സി.ഡി.എസിന്റെ കീഴിൽ മയ്യിൽ പ്രവർത്തനമാരംഭിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി അദ്ധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി ജയൻ പദ്ധതി വിശദീകരണം നടത്തി. അടുത്ത രണ്ട് മാസത്തിനുള്ളിൽ മട്ടന്നൂർ, പാനൂർ, ചെറുകുന്ന്, ആലക്കോട്, കണ്ണൂർ, ഇരിട്ടി എന്നിവിടങ്ങളിൽ കൂടി കേരള ചിക്കൻ ഔട് ലെറ്റുകൾ പ്രവർത്തനമാരംഭിക്കും.
കേരള ചിക്കൻ ഫാമുകളിൽ വളർത്തുന്ന വളർച്ചയെത്തിയ ഇറച്ചിക്കോഴി കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വിപണന ശാലകൾ വഴിയാണ് വിൽപന നടത്തുന്നത്. കിലോയ്ക്ക് 17 രൂപ ഔട്ട് ലെറ്റ് ഉടമയ്ക്ക് ലഭിക്കും. മാർക്കറ്റ് വിലയേക്കാളും 10 ശതമാനം കുറവിലാണ് കേരള ചിക്കൻ ഔട്ട് ലെറ്റുകൾ വഴി വിൽപന നടത്തുന്നത്. കേരളത്തിൽ വിവിധ ജില്ലകളിലായി 140 ഔട്ട് ലെറ്റുകളിൽ നിന്നായി 50 ടണ്ണോളം കേരള ചിക്കൻ ഒരോ ദിവസവും വിൽപന നടത്തുന്നുണ്ട്.
മാസവരുമാനം ഒരു ലക്ഷം
ബ്രോയിലർ കർഷകർക്കും ഔട്ട് ലെറ്റ് ഉടമകൾക്കും മികച്ച വരുമാന മാർഗ്ഗം ഉറപ്പുവരുത്തുന്ന സംരംഭം കൂടിയാണ് കേരള ചിക്കൻ. 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മാസവരുമാനം ഔട്ട്‌ലെറ്റുകൾ വഴി കുടുംബശ്രീ അംഗങ്ങൾക്ക് ലഭിക്കുന്നുണ്ട്. കേരള ചിക്കൻ ഫാമുകൾ, ഔട്ട് ലെറ്റുകൾ ആരംഭിക്കുന്നതിന് കുടുംബശ്രീ വഴി ഒന്നര ലക്ഷം രൂപ വരെ ലോൺ ലഭിക്കും. 2026 ഓടെ വിപണിയുടെ 25 ശതമാനമെങ്കിലും എത്തുകയെന്ന ലക്ഷ്യത്തോടെ പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീയും കേരള ചിക്കൻ കമ്പനിയും.