mathi

കണ്ണൂർ : പയ്യാമ്പലം കടൽതീരത്ത് മത്തിയുടെ വൻകൂട്ടം കരയ്ക്കടിഞ്ഞു. ഇന്നലെ രാവിലെ ഒൻപതോടെയാണ് മത്തി കൂട്ടം കരക്കടിഞ്ഞത്. മൂന്ന് മണിക്കൂറോളമാണ് മീനുകൾ തീരത്തെത്തിയത്. സംഭവമറിഞ്ഞ് നൂറ് കണക്കിനാളുകൾ തീരത്തെത്തി മത്സരിച്ച് മത്തി പെറുക്കിയെടുത്തു.

അതേസമയം മത്സ്യ ലഭ്യത അറിഞ്ഞ് ഉൾക്കടലിൽ നിരവധി ബോട്ടുകളാണ് മത്സ്യബന്ധനത്തിനായി വലയിട്ടത്.മത്തി കൂടുതലായി കിട്ടിയതിനെ തുടർന്ന് ഒരു ബോക്‌സ് മത്തി 500 രൂപ വരെ വിലകുറച്ചാണ് ആയിക്കരയിൽ വിൽപന നടത്തിയത്.രണ്ടായിരം രൂപ വരെയായിരുന്നു മുൻദിവസങ്ങളിൽ ഈടാക്കിയത്.ഫിഷറീസ് വകുപ്പിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും നേതൃത്വത്തിൽ പരിശോധന സജീവമായിരുന്നു.

നിമിഷനേരം കൊണ്ട് തന്നെ മത്തിച്ചാക്കരയുടെ വീഡിയോ വൈറലായി. ആയിക്കരയിലെ ഫിഷറീസ് റെസ്ക്യൂ ഗാർഡ് അഴീക്കോട് നീർക്കടവ് സ്വദേശി ശ്രീനാഥാണ് മത്തിച്ചാകരയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.ഇതോടെ നിരവധി പേർ പയ്യാമ്പലത്തേക്കെത്തി. വീട്ടിൽ നിന്നും ആയിക്കരയിൽ ജോലിക്ക് പോവുന്നതിനിടെയാണ് പയ്യാമ്പലത്തെ മത്തി ചാകര റെസ്ക്യു ഗാർഡിന്റെ ശ്രദ്ധയിൽപെട്ടത്. മത്സ്യതൊഴിലാളി ആയിരുന്ന ശ്രീനാഥ് ഗോവയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ഫിഷറീസ് വകുപ്പിൽ റെസ്ക്യൂ ഗാർഡ് ആയത്. ഇന്നലെ കരക്കടിഞ്ഞത് പൂർണ വളർച്ചയെത്തി വിൽപനക്കനുയോജ്യമായ മത്തിയുമായിരുന്നു.