corpa
കണ്ണൂർ കോർപ്പറേഷൻ

കണ്ണൂർ: കോർപ്പറേഷന്റെ പൂർത്തിയായ 50 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടന പരിപാടി വരും ദിവസങ്ങളിലായി നടത്തുമെന്ന് മേയർ മുസ്ലീഹ് മഠത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രണ്ടു മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രങ്ങളുടെ പണി പൂർത്തിയായി. പഴയ ബസ് സ്റ്റാൻഡ് അണ്ടർപാസിൽ തയാറാക്കിയിട്ടുള്ള ചുമർ ചിത്രം, താഴെ ചൊവ്വ വഴിയോര വിശ്രമ കേന്ദ്രം, ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ നാപ്കിൻ ഇൻസിനേറ്റർ, വയോജന കേന്ദ്രം ഇങ്ങനെ ഒട്ടേറെ പദ്ധതികളാണ് പൂർത്തിയായത്. സിറ്റി ഗ്യാസ് പദ്ധതി പ്രകാരം വീടുകളിൽ ഗ്യാസ് കണക്ഷൻ നൽകുന്ന പദ്ധതിയും തുടർന്നു വരുന്നു. പയ്യാമ്പലം വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പ്രവൃത്തി ആരംഭിച്ചു. വിദ്യാർത്ഥികൾ ഗാന്ധിജി ആദർശങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകളിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചു കോർപ്പറേഷൻ പരിധിയിലും മുഴുവൻ വീടുകൾക്കും സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്നതിനായി സാധിച്ചു.

അ‌ഞ്ച് പഞ്ചായത്തുകളെ കൂട്ടിച്ചേർത്താണ് കോർപ്പറേഷൻ രൂപീകരിച്ചത്. കൂട്ടിച്ചേർക്കപ്പെട്ട ഭാഗങ്ങളിൽ വികസനവും നഗരസൗകര്യവും ഏർപ്പെടുത്തേണ്ടതുണ്ട്. ചേലോറ എടക്കാട് പോലുള്ള സോണലുകളിൽ റോഡ് നിർമ്മാണം തെരുവു വിളക്ക് സ്ഥാപിക്കൽ എന്നിവ പൂർത്തീകരിക്കേണ്ടതുണ്ട്. ഈ പരിമിതികൾക്കിടയിലും അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ നൽകി പല പദ്ധതികളും പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് മേയർ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പി. ഷമീമ, എം.പി രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിനാ മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ കെ.പി അബ്ദുൾ റസാഖ് എന്നിവരും പങ്കെടുത്തു.

സംസ്ഥാനസർക്കാരിന്റെ ഉടക്ക്
കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട രീതിയിലുള്ള പരിഗണന ലഭിക്കുന്നില്ലെന്ന് മേയർ പറഞ്ഞു. യഥാസമയങ്ങളിൽ ആവശ്യമായ ജീവനക്കാരെ അനുവദിക്കാതെയും നിലവിലുള്ള ജീവനക്കാരെ നിരന്തരം സ്ഥലംമാറ്റിയും എല്ലാ പ്രവൃത്തികൾക്കും തടസ്സം സൃഷ്ടിക്കുകയാണ്. വളരെ മുമ്പേ പൂർത്തീകരിക്കേണ്ട പലപദ്ധതികളും ജീവനക്കാരുടെ അഭാവം മൂലവും സർക്കാരിൽ നിന്നുള്ള അനുമതി ലഭിക്കുന്നതിലെ കാലതാമസം കൊണ്ടും നീണ്ടുപോയിട്ടുണ്ട്. പുതുതായി രൂപീകരിക്കപ്പെട്ട കോർപ്പറേഷൻ എന്ന നിലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനു പോലും സർക്കാരിൽ നിന്നും ആവശ്യമായ സഹായം ലഭിച്ചിട്ടില്ല. കോർപ്പറേഷന്റെ തനതു ഫണ്ടും മറ്റും ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുള്ളതെന്നും മേയർ പറഞ്ഞു.