കാസർകോട്: ജില്ലയുടെ ചരിത്രത്തിൽ ഈ ദിനം സുവർണ്ണ ലിപികളാൽ അടയാളപ്പെടുത്തുമെന്ന് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കാസർകോട് ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ 2072 അതി ദരിദ്ര കുടുംബങ്ങൾ ഉണ്ടായിരുന്നെന്നും അവരെ കൃത്യമായ മാനദണ്ഡങ്ങളിലൂടെ കണ്ടുപിടിച്ച് ഭക്ഷണം, ആരോഗ്യം, സുരക്ഷിത താമസ സ്ഥലം, അടിസ്ഥാന വരുമാനം എന്നിവ നൽകി അവരെ ഉയർത്തിക്കൊണ്ടു വരാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു. അതിദരിദ്രർക്ക് അവകാശ രേഖകൾ, വാസയോഗ്യമായ വീടുകൾ ,റേഷൻ കാർഡുകൾ, ആധാർ കാർഡ്, വോട്ടർ കാർഡ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, ഗ്യാസ് കണക്ഷൻ, തൊഴിൽ കാർഡ് എന്നിവ നൽകി ജില്ലയെ അതി ദാരിദ്ര്യ മുക്തമാക്കാൻ പരിശ്രമിച്ച ജില്ലാ പഞ്ചായത്തിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും എം.എൽ.എമാരുടെ നേതൃത്വത്തിലുള്ള ക്രിയാത്മക പ്രവർത്തനങ്ങൾക്കും വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.
50 കോടി രൂപ ദാരിദ്ര്യ നിർമ്മാർജനത്തിന് മാറ്റിവെച്ച ജില്ലാ പഞ്ചായത്തിനുള്ള ആദരവ് ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ഏറ്റുവാങ്ങി. ഇതിനായി ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് പ്രവർത്തിച്ച ജില്ലാ കളക്ടർ കെ. ഇമ്പശേഖറിനെയും ചടങ്ങിൽ ആദരിച്ചു. ജില്ലയെ അതിദാരിദ്ര്യ മുക്തമാക്കൻ പ്രവർത്തിച്ചവരിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി ഹരിദാസ്, പി.എ.യു ഹെഡ് ക്ലാർക്ക് സി.എച്ച് സിനോജ്, ഐ.ടി പ്രൊഫഷണൽ അനീഷ, സെക്ഷൻ ക്ലാർക്ക് വിദ്യാലക്ഷ്മി എന്നിവരെയും ആദരിച്ചു. കുടുംബശ്രീയുടെ 'ബാക് ടു ഫാമിലി പോസ്റ്റർ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. ജില്ലാപഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.
എം.എൽ.എമാരായ എം. രാജഗോപാലൻ, ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷറഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ എന്നിവർ വിശിഷ്ടാതിഥികളായി. കാസർകോട് നഗരസഭ ചെയർപേഴ്സൺ അബ്ബാസ് ബീഗം, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ. ശകുന്തള, അഡ്വ. എസ്.എൻ സരിത, ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മീൻ കബീർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമ ലക്ഷ്മി, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. രാജേഷ്, എൽ.എസ്.ജി.ഡി. ഡെപ്യൂട്ടി ഡയറക്ടർ കെ.വി. ഹരിദാസ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ജില്ലാ നോഡൽ ഓഫീസർ ടി.ടി. സുരേന്ദ്രൻ, നവകേരളം പദ്ധതി ജില്ലാ കോഓർഡിനേറ്റർ കെ. ബാലകൃഷ്ണൻ, ലൈഫ് മിഷൻ കോഓർഡിനേറ്റർ എം. വത്സൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ. രതീഷ് കുമാർ സംസാരിച്ചു.
കാസർകോട് ജില്ലയെ അതിദാരിദ്ര്യ മുക്തമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് പ്രഖ്യാപിക്കുന്നു