pranav

കാഞ്ഞങ്ങാട്: വീട്ടുകാർക്കും പ്രതിശ്രുത വധുവിനും കത്ത് എഴുതിയ ശേഷം കടലിൽ ചാടിയ യുവ എൻജിനീയറുടെ മൃതദേഹം കരക്കടിഞ്ഞു. കാഞ്ഞങ്ങാട് സൗത്തിൽ മാതോത്ത് ക്ഷേത്രത്തിന് സമീപത്തെ യു.കെ.ജയപ്രകാശിന്റെയും ബിന്ദുവിന്റെയും മകൻ പ്രണവിന്റെ(33) മൃതദേഹമാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ തൃക്കണ്ണാട് കടലിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകിട്ട് എഴുമണി മുതലാണ് യുവാവിനെ കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിൽ പ്രണവിന്റെ മൊബൈൽ ഫോണും ചെരുപ്പും ആത്മഹത്യാകുറിപ്പും ബേക്കൽ കോട്ടയ്ക്ക് സമീപത്ത് കണ്ടെത്തുകയായിരുന്നു. പ്രണവിന്റെ കല്യാണം നിശ്ചയിച്ചതാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ബാംഗ്ലൂരിലെ പ്രമുഖ ഐ.ടി കമ്പനിയിൽ എൻജിനീയറാണ് പ്രണവ്. മാസങ്ങളായി വർക്ക് അറ്റ് ഹോം ജോലിയുമായി ബന്ധപ്പെട്ട് വീട്ടിലുണ്ട്. സഹോദരങ്ങൾ: ഡോ.അശ്വതി, ഡോ.വിഷ്ണു.