animal

കേളകം: മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാനെന്ന പേരിൽ വനംവകുപ്പ് സംഘടിപ്പിച്ച 45 ദിവസത്തെ തീവ്രയജ്ഞ പരിപാടി മലയോര കർഷകർക്ക് സമ്മാനിച്ചത് വലിയ നിരാശ. ജില്ലയിൽ സമർപ്പിച്ച 7202 പരാതികളിൽ വെറും 254 എണ്ണത്തിന് മാത്രമാണ് റേഞ്ച് തലത്തിൽ പരിഹാരം കണ്ടെത്താൻ കഴിഞ്ഞത്.
കൊട്ടിയൂർ 3521, ആറളം 1750, കണ്ണവം 247, തളിപ്പറമ്പ് 1684 എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചത്. എന്നാൽ 3.5 ശതമാനം പരാതികൾക്ക് മാത്രം പരിഹാരം കാണാൻ കഴിഞ്ഞതിൽ കർഷകർ രൂക്ഷമായ അതൃപ്തിയിലാണ്.

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സിൽ കഴിഞ്ഞ ദിവസം കർഷകർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. നിലവിലുള്ള പരിഹാരമാർഗങ്ങൾ പര്യാപ്തമല്ല. സോളാർ ഫെൻസിംഗ് പോലും കാര്യക്ഷമമല്ല എന്ന് കർഷകർ പറഞ്ഞു.
കാട്ടുപന്നി, കുരങ്ങ് എന്നിവ വരുത്തുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഫലപ്രദമായ മാർഗങ്ങളില്ലെന്നും ശാസ്ത്രീയമായ പരിഹാരങ്ങൾ കണ്ടെത്തി നടപ്പാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്തികൾക്ക് സോളാർ ഫെൻസിംഗ് നിർമ്മിക്കാൻ 100 ശതമാനം സബ്സിഡി നൽകണമെന്ന ആവശ്യവുമുയർന്നു.

ഉത്തരവാദിത്തം ഒഴിയുന്നു

കുരങ്ങ്, കാട്ടുപന്നി എന്നിവയുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ പരാതികൾ ഉണ്ടായത്. എന്നാൽ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചതോടെ ആ പരാതികൾ പഞ്ചായത്തുകൾക്ക് കൈമാറി. കുരങ്ങ് ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവിയായതിനാൽ വകുപ്പിന് പരിമിതികളുണ്ടെന്നാണ് വാദം. ഫലത്തിൽ, ആർക്കും ഉത്തരവാദിത്തമില്ലാത്ത സ്ഥിതി.