mannam

പയ്യന്നൂർ : കൊല്ലം പുനലൂർ തൂക്കു പാലത്തിന് സമീപം എൻ.എസ്.എസ്.ആസ്ഥാനത്ത് സ്ഥാപിക്കുന്ന മന്നത്ത് പത്മനാഭന്റെയും ആർ ബാലകൃഷ്ണപ്പിള്ളയുടെയും വെങ്കലശില്പങ്ങൾ കാനായിയിലെ ശിൽപി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ ഒരുങ്ങുന്നു. ശിൽപ്പങ്ങൾ കണ്ടു വിലയിരുത്തുന്നതിനായി മന്ത്രി കെ.ബി.ഗണേശ് കുമാറും കുടുംബാംഗങ്ങളും പുനലൂർ എൻ.എസ്.എസ്. ഭാരവാഹികളും കാനായിലുള്ള ഉണ്ണിയുടെ പണിപ്പുരയിലെത്തി.

പത്ത് അടി ഉയരമുള്ള രണ്ട് ശിൽപ്പങ്ങളുടെയും നിർമ്മാണം ഒരു വർഷം മുമ്പാണ് തുടങ്ങിയത്. കളിമണ്ണിൽ നിർമ്മിച്ച ശിൽപ്പം പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത് വെങ്കലത്തിൽ കാസ്റ്റ് ചെയ്യുകയായിരുന്നു. മന്നം ശിൽപ്പം 90 ശതമാനം പൂർത്തിയായിട്ടുണ്ട്. ആർ.ബാലകൃഷ്ണപിള്ളയുടെത് ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാകുമെന്ന് ശിൽപി ഉണ്ണി കാനായി പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ ശിൽപ്പം അനാച്ഛാദനം ചെയ്യുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് സംഘാടകർ നിർമ്മാണ പുരോഗതി വിലയിരുത്തുവാൻ എത്തിയത്.മന്ത്രി ഗണേശ് കുമാറിനോടൊപ്പം കുടുംബാംഗങ്ങളും പുനലൂർ എൻ.എസ്.എസ്.സെക്രട്ടറി അനിൽകുമാർ , സി.പി.എം.പയ്യന്നൂർ ഏരിയ സെക്രട്ടറി അഡ്വ.പി.സന്തോഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.