കാഞ്ഞങ്ങാട്: മടിക്കൈയിലൂടെ പരപ്പ വരെ ഓടുന്ന കെ.എസ്.ആർ.ടി.സി ബസിനുള്ള വളപ്പാടിയിലെ ഫെയർസ്റ്റേജ് ഒഴിവാക്കി നിരക്ക് കുറച്ചു. ഇതോടെ എണ്ണപ്പാറയ്ക്കും കാലിച്ചാനടുക്കത്തിനും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് സ്വകാര്യ ബസിനേക്കാൾ കുറഞ്ഞ നിരക്കിൽ കെ.എസ്.ആർ.ടി.സിയിൽ സഞ്ചരിക്കാം. അടുക്കത്ത് നിന്ന് തായന്നൂരേക്ക് 13ഉം എണ്ണപ്പാറയ്ക്ക് 15 ഉം വാങ്ങിയത് 10 ഉം 13ഉം രൂപയായി കുറച്ചു. ഈ റൂട്ടിൽ മറ്റിടങ്ങളിലേക്കും 2- 3 രൂപയുടെ മാറ്റമുണ്ടാകും.
സ്വകാര്യ ബസുകളുടെ നിരക്ക് പുനക്രമീകരിച്ച ആർ.ടി.എ തീരുമാനം നിയമകുരുക്കിലാക്കി നടപ്പാക്കാത്തപ്പോഴാണ് കോർപ്പറേഷൻ സ്വമേധയാ യാത്രക്കാരെ അമിത നിരക്കിൽ നിന്ന് ഒഴിവാക്കാൻ തയ്യാറായത്. മടിക്കൈ വഴിയുള്ള കെ.എസ്.ആർ.ടി.സിക്ക് ഏഴാംമൈൽ വഴിയുള്ള ബസുകളെ അപേക്ഷിച്ച് എണ്ണപ്പാറ, തായന്നൂർ സ്ഥലങ്ങളിലേക്ക് 5 രൂപയുടെ കുറവുണ്ട്. എണ്ണപ്പാറയിൽ നിന്ന് പരപ്പയിലേക്ക് 2 ബസുകൾ കയറി 35 വരെ കൊടുക്കേണ്ടി വന്ന സ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഓടിത്തുടങ്ങിയതോടെ 23 രൂപയായി കുറഞ്ഞു. കാഞ്ഞങ്ങാട് നിന്ന് ജില്ലാ ആശുപത്രി വഴി തായന്നൂർ, അടുക്കം റൂട്ടിൽ പരപ്പയിലേക്ക് നേരിട്ടുള്ള സർവീസ് ആയതിനാൽ രോഗികളും കൂടുതലായി ആശ്രയിക്കുന്നുണ്ട്.
കാഞ്ഞങ്ങാട് നിന്ന് ഉച്ചയ്ക്ക് 2.10ന് പരപ്പയിലേക്കും സ്‌കൂൾ സമയത്ത് 3.35ന് തിരികെ കാഞ്ഞങ്ങാട്ടേക്കാണ് ഇപ്പോൾ ഓടുന്നത്. ഈ സർവീസിനെ യാത്രക്കാർ കൂടുതലായി ആശ്രയിച്ച് തുടങ്ങിയാൽ ഭാവിയിൽ ഈ റൂട്ടിൽ കൂടുതൽ സർവീസ് ആരംഭിക്കാമെന്ന ആലോചനയുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിനെയടക്കം ആശ്രയിക്കേണ്ടതിനാൽ പരപ്പ ഭാഗത്തേക്ക് ഓരോ മണിക്കൂറിലും ബസ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.