ഭീമനടി: ജില്ലയിലെ മലയോര മേഖലകളിലെ ആറ് പഞ്ചായത്തുകളിൽ വന്യജീവി ആക്രമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വനംവകുപ്പ് ആരംഭിച്ച ഹെൽപ്പ് ഡെസ്‌ക്കുകളിൽ ലഭിച്ചത് 2333 പരാതികൾ. ഇതിൽ ബളാൽ പഞ്ചായത്തിൽ നിന്നു മാത്രം 1103 പരാതികളാണുള്ളത്. പനത്തടി 527, ദേലംപാടി 323, ഈസ്റ്റ് എളേരി 179, മുളിയാർ 166, കാറടുക്ക 35 ,എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിൽ നിന്നും ലഭിച്ച പരാതികളുടെ എണ്ണം. സെപ്തംബർ 16 മുതൽ ഒക്ടോബർ ഒന്നു വരെയാണ് ജില്ലയിൽ ഏറ്റവുമധികം വന്യജീവി ആക്രമണം നേരിടുന്ന പഞ്ചായത്തുകളിൽ പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി വനം വകുപ്പിന്റെ ഹെൽപ്പ് ഡെസ്‌ക്കുകൾ പ്രവർത്തിച്ചത്. ഇവയിൽ പഞ്ചായത്ത് തലത്തിൽ തന്നെ പരിഹാരം കാണാൻ കഴിയുന്ന 161 പരാതികളും ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളും വനംവകുപ്പും ഉദ്യോഗസ്ഥരും ഉൾപ്പെട്ട ജന ജാഗ്രത സമിതി യോഗങ്ങളിൽ ഇക്കാര്യത്തിൽ നടപടിയെടുക്കും. ജില്ലാതലത്തിൽ പരിഹരിക്കേണ്ട പരാതികൾ എം.എൽ.എമാരും വനംവകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരും ഉടൻ യോഗം ചേർന്ന് ഇത്തരം പ്രശ്നങ്ങൾക്കും ചർച്ചചെയ്ത് പരിഹാരം കണ്ടെത്താൻ ശ്രമിക്കും. ജില്ലയുടെ ചുമതലയുള്ളത് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനായതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളിൽ വേഗത്തിൽ തീരുമാനം ഉണ്ടാക്കാൻ കഴിയും എന്നാണ് കർഷകരുടെ പ്രതീക്ഷ.