കണ്ണൂർ: സ്കൂൾ കലോത്സവത്തിൽ പലസ്തീൻ അനുകൂല ടീ ഷർട്ട് ധരിച്ച് കോൽക്കളിക്കായി വേദിയിൽ കയറിയ വിദ്യാർത്ഥികളെ തടഞ്ഞെന്ന് പരാതി. 'ഫ്രീ പലസ്തീൻ' എന്നെഴുതിയ ടീ ഷർട്ട് ധരിച്ചുള്ള കോൽക്കളി തടഞ്ഞെന്നാരോപിച്ചാണ് വിദ്യാഭ്യാസ മന്ത്രിക്ക് എം.എസ്.എഫ് പരാതി നൽകിയത്. ഒരാഴ്ച മുമ്പത്തെ സംഭവത്തിൽ അഞ്ചരക്കണ്ടി എച്ച്.എസ്.എസിലെ അദ്ധ്യാപകർക്കെതിരെയാണ് പരാതി. മത്സരം തുടങ്ങിയ ഉടനെ അദ്ധ്യാപകർ സ്റ്റേജിൽ കയറി കർട്ടൻ ഇട്ടുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്നാണ് എം.എസ്.എഫിന്റെ ആവശ്യം. കഴിഞ്ഞ ദിവസം കാസർകോട് കുമ്പളയിലെ സ്കൂളിൽ പലസ്തീൻ അനുകൂല സന്ദേശമുള്ള മൈം അവതരിപ്പിക്കുന്നതിനിടെ അദ്ധ്യാപകർ കർട്ടനിട്ടത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരും സമാനമായ പരാതി ഉയർന്നിരിക്കുന്നത്.