ph-1-
ഇന്നലെ രാത്രി കെ. വി .സുമേഷ് എം.എൽ.എയുടെയും പൊലീസിൻ്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചുങ്കം പാപ്പിനിശ്ശേരി വളപട്ടണം പാലം ഭാഗത്ത് പുതിയ ഡി വൈഡറുകൾ സ്ഥാപിക്കുന്നു

പാപ്പിനിശ്ശേരി: ചുങ്കം -പാപ്പിനിശ്ശേരി -വളപട്ടണം പാലം ഭാഗത്ത് ദേശീയപാതയിൽ പുതിയ ഡിവൈഡറുകൾ സ്ഥാപിച്ചു. വളപട്ടണം -പാപ്പിനിശ്ശേരി ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായ ചുങ്കം -വളപട്ടണം റോഡ് വൺവേയിലേക്ക് നാലും അഞ്ചും ലൈനായി വാഹനങ്ങൾ വരുന്നത് ചില സമയങ്ങളിൽ കുരുക്കിന് ഇടയാക്കിയിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി കെ.വി.സുമേഷ് എം.എൽ.എയുടേയും വളപട്ടണം പൊലീസ് എസ്.എച്ച്.ഒ വിജേഷിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു. യോഗത്തിന്റെ തീരുമാനപ്രകാരം വാഹനങ്ങളുടെ കുത്തിക്കയറൽ ഒഴിവാക്കാൻ ചുങ്കം ജംഗ്ഷൻ മുതൽ പാപ്പിനിശ്ശേരി വരെ ഭാഗത്തേക്ക് മുഴുവനായി ഡിവൈഡറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു.

ഇന്നലെ വൈകീട്ട് മുതൽ ഡിവൈഡറുകൾ സ്ഥാപിച്ചു തുടങ്ങി. രാത്രിയോടെ ഡിവൈഡറുകൾ സ്ഥാപിച്ചു പൂർത്തിയാക്കി. കെ.വി.സുമേഷ് എം.എൽ.എ, വളപട്ടണം സി.ഐ, നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് ഉണ്ടായിരുന്നു.

കുത്തിക്കയറൽ ഇനിയില്ല

പാപ്പിനിശ്ശേരി -വളപട്ടണം പാലം ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയതിനുശേഷം ഗതാഗതക്കുരുക്ക് ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ചുങ്കം ഭാഗത്തുനിന്ന് വാഹനങ്ങൾ ക്രമമില്ലാതെ വന്ന് കുത്തിക്കയറുന്നതിനാൽ ചില സമയത്ത് അസഹനീയമായ കുരുക്ക് രൂപപ്പെടാറുണ്ട്. ഡിവൈഡർ സ്ഥാപിച്ചതിനു ശേഷം മറ്റു പ്രശ്നങ്ങൾ ഇല്ലാതെ വാഹനങ്ങൾക്ക് സുഖമായി കടന്നു പോകാൻ സാധിക്കുന്നുണ്ട്.