തലശ്ശേരി: മണവാട്ടി ജംഗ്ഷനിൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ കരിങ്കൽ ചീള് തെറിച്ച് കടകൾക്ക് നാശനഷ്ടമുണ്ടാകുന്നത് പതിവാകുന്നു. തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെ മണവാട്ടി ജംഗ്ഷനിലെ ഡ്രേ സ്റ്റാർ എന്ന കടയിലേക്ക് കരിങ്കൽ ചീള് തെറിച്ച് കടയിലെ ഗ്ലാസ്ചില്ല് തകർന്ന് അപകടാവസ്ഥയിലായി. ഇതോടെ ജീവനക്കാർക്ക് പുറത്തിറങ്ങാൻ സാധിക്കാതെയായി. ജീവനക്കാരായ ഷാനി, നിയാസ്, മുഹമ്മദ് എന്നിവരാണ് കടയിൽ കുടുങ്ങിയത്. ഒടുവിൽ തലശേരിയിൽ നിന്നും ഫയർസ്റ്റേഷൻ ഓഫീസർ കെ.എം ഷിജു വിന്റെ നേതൃത്വത്തിൽ ഫയർ ഉദ്യോഗസ്ഥരെത്തി ഗ്ലാസ് ചില്ല് പൊളിച്ചുനീക്കിയതോടെയാണ് രണ്ട് മണിക്കൂറിന് ശേഷം ഏഴ് മണിയോടെ മൂവർക്കും പുറത്തിറങ്ങാനായത്. തിരുവോണത്തിലും സ്ഥാപനത്തിന്റെ ചില്ല് കരിങ്കൽ ചീള് തെറിച്ച് തകർന്നതായി കടയുടമ ഷാനിദ് പറഞ്ഞു. സമീപത്തെ കടകളുടെ ചില്ല് ഗ്ലാസുകളും ഇത്തരത്തിൽ തകർന്നിട്ടുണ്ട്.
വ്യാപാര രംഗമാകെ മാന്ദ്യം നേരിടുന്ന സാഹചര്യമാണെന്നും നഷ്ടമുണ്ടായ കടയുടമകൾക്ക് നഗരസഭ നഷ്ടപരിഹാരം നൽകണമെന്നും വ്യാപാരികൾ പറയുന്നു. കൊട്ടിഘോഷിക്കപ്പെട്ട ലോഗൻസ് റോഡ് ഇന്റർലോക്ക് പ്രവൃത്തി പൂർത്തിയായെങ്കിലും റോഡരികിലെ പ്രവൃത്തികൾ ഇപ്പോഴും തുടരുകയാണ്. മണവാട്ടി ജംഗ്ഷനിലേക്ക് അവസാനിക്കുന്നിടത്ത് ടാറിംഗ് നടത്താത്തതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. ഇവിടെ കരിങ്കൽ ചീളുകൾ കൂട്ടിയിട്ടിട്ടുമുണ്ട്. കുട്ടികളടക്കം നൂറുകണക്കിനാളുകൾ പുതിയ ബസ് സ്റ്റാന്റിലേക്കും മറ്റും പോകുന്ന വഴിയാണിത്. വലിയൊരു അപകടത്തിന് കാത്തുനിൽക്കാതെ എത്രയും വേഗം റോഡ് പണി പൂർത്തിയാക്കണമെന്നാണ് വ്യാപാരികളും, യാത്രക്കാരും ആവശ്യപ്പെടുന്നത്.