കണ്ണൂർ: ജില്ലയിൽ പലയിടത്തും പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം. മലയോര മേഖലകളിലാണ് കടുത്ത ക്ഷാമം നേരിടുന്നത്. പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ മേഖലകളിൽ ഉപഭോക്താക്കൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രോഡക്ട് ലിങ്കിംഗ് പ്ലാന്റ് സംവിധാനത്തിൽ മാറ്റം വരുത്തിയതോടെയാണ് പ്രതിസന്ധിയുണ്ടായത്. കഴിഞ്ഞ രണ്ടര മാസമായി മലയോര മേഖലകളിൽ വിതരണം പാടെ അവതാളത്തിലാണ്. ജൂലായ് മാസത്തിൽ ആരംഭിച്ച ഇൻഡേൻ പാചക വാതക ക്ഷാമത്തിനാണ് ഇതുവരെ പരിഹാരം കാണാൻ കഴിയാത്തത്. മലയോരത്തെ വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട പരാതി ഇന്ത്യൻ ഓയിൽ കോർപറേഷൻ മുഖവിലക്കെടുക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം.
ജില്ലയിലെ ഏജൻസികൾക്ക് മംഗളൂരുവിലെ പ്ലാന്റിൽ നിന്നും മൈസൂരുവിലെ പ്ലാന്റിൽ നിന്നുമായിരുന്നു ഏതാനും വർഷങ്ങളായി സിലിണ്ടർ വിതരണത്തിന് എത്തിച്ചിരുന്നത്. ഏജൻസികൾക്ക് മുന്നറിയിപ്പ് ഒന്നും നൽകാതെ സംസ്ഥാനത്തിന് പുറത്തുള്ള പ്ലാന്റുകളുമായുള്ള ബന്ധം ഇന്ത്യൻ ഓയിൽ കോർപറേഷൻ അവസാനിപ്പിച്ചു. പകരം ചേളാരിയിൽ നിന്ന് സിലിണ്ടർ എത്തിക്കാൻ സൗകര്യമൊരുക്കിയതായി അറിയിപ്പും വന്നു. പക്ഷേ സിലിണ്ടറും പാചക വാതകവും ഏജൻസികൾക്ക് കൃത്യമായി മുൻപുണ്ടായിരുന്നതു പോലെ നൽകാൻ സൗകര്യമൊരുക്കിയില്ല.
പ്രതിസന്ധി ഒമ്പത്
ഏജൻസികളിൽ
നേരത്തെ ആഴ്ചയിൽ നാലുമുതൽ ആറ് ലോഡ് വരെ സിലിണ്ടറുകളാണ് മലയോരത്തെ ഏജൻസികൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ചേളാരി പ്ലാന്റിൽ നിന്ന് 110 ലോഡ് സിലിണ്ടർ മാത്രമാണ് പ്രതിദിനം വിതരണത്തിനായി പുറത്തു വിടുന്നത്. ഇത് വിതരണം ചെയ്ത് വരുമ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ ലോഡ് മാത്രമാണ് കണ്ണൂരിലെ മലയോരത്തെ ഏജൻസികൾക്ക് ലഭിക്കുന്നത്.ഇതോടെ വിതരണം താളം തെറ്റി. ജില്ലയിലെ 18 ഏജൻസികളിൽ 9 ഏജൻസികളും അവരെ ആശ്രയിക്കുന്ന ഉപഭോക്താക്കളുമാണ് ദുരിതം നേരിടുന്നത്.
ഉറപ്പ് പാലിക്കാതെ ഇന്ത്യൻ ഓയിൽ കോർപറേഷൻ
ഇതിനു മുൻപ് പ്രതിസന്ധി ഉണ്ടായപ്പോൾ സംസ്ഥാനത്തിന് പുറത്തുള്ള പ്ലാന്റുകളിൽ നിന്ന് സിലിണ്ടർ ലഭിച്ചിരുന്ന പഴയ രീതി തന്നെ തുടരാമെന്ന് കമ്പനി ഉറപ്പ് നൽകിയെങ്കിലും നിലവിൽ അത് പൂർണ്ണമായും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ ഉപഭോക്താക്കളും ഏജൻസികളും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. മതിയായ സിലിണ്ടറുകൾ കിട്ടാതായതോടെ അടുക്കളയിൽ കടുത്ത പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്.