കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാക്കളുടെ തെറി വിളി ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ പൊട്ടിത്തെറി. സംഭാഷണം പുറത്ത് വിട്ടത് പാർട്ടിക്ക് മാനക്കേടുണ്ടാക്കി എന്നാണ് വിമർശനം. ജില്ല ഭാരവാഹികളും മണ്ഡലം ബ്ളോക്ക് പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിൽ സംഘടന കാര്യം ചർച്ച ചെയ്യാനാകാതെ യോഗം അവസാനിപ്പിക്കേണ്ടി വന്നു എന്നാണ് വിവരം.
സംഭാഷണത്തിനിടെ ജില്ല കമ്മിറ്റി അംഗമായ യുവതിക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയതിന് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാമ്പള്ളിക്കും ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ മതുക്കോത്തിനുമെതിരെ നടപടിക്കും സാദ്ധ്യതയുണ്ട്. റോബർട്ട് വെള്ളാമ്പള്ളിയും അശ്വിൻ മതുക്കോത്തുമുണ്ടെങ്കിൽ യംഗ് ഇന്ത്യ ക്യാമ്പെയിനുമായി സഹകരിക്കില്ലെന്ന് വനിത നേതാവ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പോസ്റ്ററിൽ ഫോട്ടോ വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് റോബർട്ട് വെള്ളാമ്പള്ളിയും അശ്വിൻ മതുക്കോത്തും തമ്മിൽ നടന്ന തെറിവിളി ഫോൺ സംഭാഷണം പുറത്ത് വന്നത്. യോഗത്തിൽ ഇവരെ പങ്കെടുപ്പിച്ചില്ല. വിഷയത്തിൽ പരാതി ലഭിച്ചാൽ ഇടപെടുമെന്ന് ജില്ല പ്രസിഡന്റ് വിജിൽ മോഹൻ പറഞ്ഞു.