minister-mla

കാസർകോട്: കവിയുടെ കാൽപാടുകൾ പതിഞ്ഞ നിളാതീരവും തുഞ്ചൻ പറമ്പും തിരുവില്ലാമലയും കൊല്ലംകോടും ഗുരുവായൂരും കണ്ട് മക്കൾ ഉൾപ്പെടെയുള്ള സംഘം നാട്ടിൽ തിരിച്ചെത്തി. പി.കുഞ്ഞിരാമൻ നായരുടെ 94 വയസ്സ് പിന്നിട്ട മകൾ ലീലയും 90 പിന്നിട്ട മകൻ വി.രവീന്ദ്രൻ നായരും പി.കവിതകളുടെ ആരാധകരും അടങ്ങുന്ന സംഘമാണ് കവി ജീവിതകാലത്ത് പിന്നിട്ട ഇടങ്ങളിലൂടെ സഞ്ചരിച്ച് തിരിച്ചെത്തിയത്.

പിയുടെ ജന്മദിനമായ ഒക്ടോബർ നാലിനാണ് വെള്ളിക്കോത്തെ കവി ഭവനത്തിൽ നിന്നും സംഘം യാത്ര തിരിച്ചത്. അദ്ദേഹം അദ്ധ്യാപകനായി ഏറെക്കാലം സേവനമനുഷ്ഠിച്ച കണ്ണൂർ കൂടാളി ഹൈസ്കൂളായിരുന്നു ആദ്യലക്ഷ്യം. തുടർന്ന് കുടുംബത്തോടൊപ്പം താമസിച്ച പൊൻമളയിലെ വടയക്കലത്തെത്തിയ സംഘത്തിന് കവിയുടെ ഓർമ്മകൾ തുളുമ്പുന്ന ശ്രീധരൻ നമ്പീശൻ സ്മാരക വായനശാലയിൽ ഗംഭീര സ്വീകരണം ലഭിച്ചു. കവി സംസ്കൃതം പഠിച്ച പട്ടാമ്പി പുന്നശ്ശേരി നമ്പി പെരുമുടിയൂർ സംസ്കൃത ഹൈസ്കൂളിൽ കവി പി.രാമന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.കവി പ്രാർത്ഥനയ്ക്ക് എത്തിയിരുന്ന ഈഹാപുരേശ്വരി ക്ഷേത്രവും സംസ്കൃതം പഠിച്ച പട്ടാമ്പി സംസ്കൃത കോളേജും സംഘം സന്ദർശിച്ചു. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിനും മന്ത്രി വി അബ്ദുൽ റഹ്മാനും അപ്രതീക്ഷിതമായി സംഘത്തെ സ്വീകരിക്കാനെത്തിയിരുന്നു.

തിരുവില്ല്വാമലയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലെത്തിയപ്പോൾ ലക്കിടിയിൽ താമസിക്കുന്ന കവിയുടെ മകൾ ബാലാമണി സംഘത്തിലുള്ള ഇരുസഹോദരങ്ങളെയും കണ്ടത് വികാര നിർഭര അനുഭവമായി.തിരുവില്വാമല ക്ഷേത്രവും കൊല്ലംകോട് കവി ഏറെ കാലം ജോലിചെയ്ത രാജാസ് സ്കൂളും കവിയുടെ തിരുശേഷിപ്പുള്ള പി സ്മാരക കലാസാംസ്കാരിക കേന്ദ്രവും സംഘം സന്ദർശിച്ചു.പിയുടെ സന്തതസഹചാരിയായിരുന്ന ഇയ്യങ്കോട് ശ്രീധരനെ വീട്ടിലെത്തി സംഘം സന്ദർശിച്ചു.

ഗുരുവായൂരിലെത്തിയപ്പോൾ ദേവസ്വം ലൈബ്രറി ഹാളിൽ ദേവസ്വം പബ്ലിക്കേഷൻ പുന പ്രസിദ്ധീകരിച്ച കവിയുടെ 'തുരുമുടിമാല' എന്ന കവിത സമാഹാരത്തിന്റെ പുതിയ പതിപ്പ് കവിയുടെ മക്കൾക്ക് നൽകിയുള്ള പ്രകാശനവും നടന്നു. ദേവസ്വം ബോർഡ്‌ മെമ്പർ മനോജ്‌, ഉണ്ണികൃഷ്ണൻ പുതൂരിന്റെ മകൻ ഷൈജു തുടങ്ങിയവർ ഈ ചടങ്ങിൽ സംബന്ധിച്ചു. ഗുരുവായൂർ ദർശനത്തിന് എത്തിയ തിരുവിതാംകൂർ കൊട്ടാരത്തിലെ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി കവിയുടെ മക്കളുമായി സൗഹൃദം പങ്കിട്ടു. തുഞ്ചൻപറമ്പിലും സംഘത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.കവികളും എഴുത്തുകാരും നാടക പ്രവർത്തകരും ഉൾപ്പെടെ 25 പേരാണ് ഉണ്ടായിരുന്നത്.