തലശ്ശേരി: മട്ടന്നൂർ സബ് ജില്ല സ്കൂൾ കായികമേളയുടെ രണ്ടാം ദിവസവും തലശ്ശേരി നഗരസഭ സിന്തറ്റിക്ക് ട്രാക്കിൽ നിന്നും കുട്ടികൾക്ക് കാലിന് പൊള്ളലേറ്റു. കഴിഞ്ഞദിവസം കായിക മേളക്കിടെ ഷൂ ധരിക്കാതെ മത്സരത്തിൽ പങ്കെടുത്ത ഒമ്പത് കുട്ടികൾക്ക് പൊള്ളലേറ്റിരുന്നു. ഷൂ ഇല്ലാത്തതിനാൽ സോക്സ് ധരിച്ചാണ് പലരും മത്സരത്തിനിറങ്ങിയത്. എന്നാൽ നഗ്ന പാദരായി പങ്കെടുക്കേണ്ടിവന്നവർക്കാണ് ഇന്നലെയും പൊള്ളലേൽക്കുന്ന നിലയുണ്ടായത്. പൊള്ളൽ ഗുരുതരമല്ലാത്തതിനാൽ ചികിത്സ തേടേണ്ടിവന്നില്ല.

തിങ്കളാഴ്ച കുട്ടികൾക്ക് പൊള്ളലേറ്റതിനെ തുടർന്ന് മത്സരം മണിക്കൂറുകളോളം നിർത്തി വച്ചിരുന്നു. വൈകീട്ട് 4 മണിയോടെ വെയിൽ ചൂട് കുറഞ്ഞതിനെ തുടർന്നാണ് പിന്നീട് മത്സരങ്ങൾ ആരംഭിച്ചത്. അവസാന ദിനമായതിനാൽ ചൊവ്വാഴ്ച സംഘാടകർക്ക് ഇടവേളകളൊന്നുമില്ലാതെ മത്സരങ്ങൾ നടത്തേണ്ടിവന്നു. നടത്ത മത്സരം, ട്രിപ്പിൾ ജംമ്പ്, ഹഡിൽസ്, ഡിസ്‌ക്കസ് ത്രോ തുടങ്ങി ഒട്ടുമിക്ക മത്സരങ്ങളും കനത്ത വെയിലിലാണ് നടന്നത്. കഴിഞ്ഞ ദിവസത്തെ അനുഭവമുള്ളതിനാൽ വിദ്യാർത്ഥികൾ തയ്യാറെടുപ്പ് നടത്തിയിരുന്നു. ഷൂ ഇല്ലാത്തവർ സോക്സ് മാത്രം ധരിച്ച് ഗ്രൗണ്ടിലിറങ്ങി.

കഴിഞ്ഞ ദിവസം മട്ടന്നൂർ ജി.യു.പി, മുട്ടന്നൂർ യു.പി, ശിവപുരം എച്ച്.എസ്.എസ്, വേങ്ങാട് മാപ്പിള യു.പി, മെരുവമ്പായി യു.പി എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് കാലിന് പൊള്ളലേറ്റത്. ജില്ലാ -സംസ്ഥാന മത്സരങ്ങൾ സിന്തറ്റിക്ക് ട്രാക്കിൽ നടക്കുമെന്നതിനാലാണ് ട്രാക്കുമായി പരിചയമുണ്ടാകാനായി ഉപജില്ലാ കായികമേള തലശ്ശേരിയിൽ നടത്തിയതെന്ന് സംഘാടകർ പറഞ്ഞു. അരലക്ഷത്തോളം രൂപയാണ് മേളക്ക് ലഭിക്കുകയെന്നും എന്നാൽ മൂന്നര ലക്ഷത്തോളം ചെലവ് വരുമെന്നും ഇത് അദ്ധ്യാപകർ കണ്ടെത്തുകയാണ് ചെയ്യാറെന്നും സംഘാടകർ പറഞ്ഞു.