കണ്ണൂർ: ജില്ലയിൽ വ്യാജ ഡോക്ടർമാർക്കായുള്ള അന്വേഷണം ഊർജ്ജിതം. ആറ് വ്യാജ ഡോക്ടമാർ ജില്ലയിലുണ്ടെന്നാണ് വിവരം. ഇവർക്കായുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് ഡി.എം.ഒ ഡോ.എം.പീയുഷ് നമ്പൂതിരി പറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തിൽ ഇവരുടെ രേഖകളടക്കം പരിശോധിക്കുകയാണ്. ഇവരുടെ യോഗ്യതയിൽ സംശയമുള്ളതായും പറഞ്ഞു.

ഒരിടത്തും സ്ഥിരമായി തുടരാത്തതാണ് ഇവരുടെ രീതി. സഹപ്രവർത്തകർക്ക് സംശയം തോന്നുന്ന ഘട്ടം വരുമ്പോഴേക്കും ഇവർ മറ്റൊരു സ്ഥലത്തേക്ക് മാറിയിരിക്കും. ഇതാണ് സംശയത്തിനിടയാക്കിയത്. പല രോഗങ്ങൾക്കും ഇവരെ സമീപിക്കുന്ന രോഗികൾക്ക് ദിവസങ്ങൾക്ക് ശേഷവും രോഗം മാറാതെ വരുമ്പോൾ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. ആദ്യഘട്ടത്തിൽ രോഗികളെ ചികിത്സിച്ച് കൈയിലെടുക്കുകയും വിശ്വാസ്യത സമ്പാദിക്കുകയും ചെയ്യും. ഇത്തരക്കാർ പലയിടങ്ങളിലും സ്വകാര്യ ക്ളിനിക്കുകൾ നടത്തുന്നുണ്ടെന്നുമാണ് വിവരങ്ങൾ.

പരാതികൾ നിരന്തരം ലഭിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ ഇവർക്കെതിരെ ഇല്ലാത്തതാണ് നടപടികൾ സ്വീകരിക്കാനാകാത്തതിന്റെ കാരണം. പല ആശുപത്രികളിലും വ്യാജ ഡോക്ടർ സംഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ആശുപത്രിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതിനാലാണ് ഇത് പുറത്ത് അറിയിക്കാത്തത്. കുറഞ്ഞ വേതനം മതിയെന്ന കാരണത്താൽ ചില സ്വകാര്യ ആശുപത്രികൾ ഇത്തരക്കാരുടെ കെണിയിൽ വീണുപോകാറുണ്ട്.

രോഗികൾക്ക് വിശ്വാസം

കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരിയിൽ വ്യാജ ഡോക്ടർക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്.എസ്.എൽ.സി യോഗ്യത മാത്രമാണ് മലപ്പുറം അരീക്കോട് സ്വദേശിയായ ഷംസീർ ബാബു എന്ന വ്യാജ ഡോക്ടർക്കുള്ളത്. എന്നാൽ ഇയാളുടെ ചികിത്സയോട് രോഗികൾക്ക് വലിയ വിശ്വാസമായിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വ്യാജനാണെന്ന് മനസിലാക്കിയപ്പോൾ തന്നെ ഇയാളെ പിരിച്ചു വിട്ടിരുന്നു. എന്നാൽ ഇതിന് ശേഷവും രോഗികൾ ഇയാളെ തേടി വരുന്നതായും പറഞ്ഞു. പലർക്കും പറയാനുള്ളത് വ്യാജ ഡോക്ടറുടെ കൈപ്പുണ്യത്തിന്റെ കഥകൂടിയാണ്. പനി,​ തലവേദന,​ ശ്വാസതടസം തുടങ്ങിയ രോഗങ്ങൾക്കാണ് ഇയാൾ പ്രശസ്തനായത്. മറ്റൊരു ഡോക്ടറുടെ രജിസ്ട്രേഷൻ നമ്പറിൽ മാറ്റം വരുത്തിയാണ് ഇയാൾ രേഖകൾ ഉണ്ടാക്കിയത്.