aparna

കാഞ്ഞങ്ങാട്: ശാസ്ത്രത്തോടുള്ള അഭിനിവേശത്തിന് അപർണാ ശ്രീപ്രകാശിന് (22) കിട്ടിയ അന്തർദേശീയ അംഗീകാരമാണ് 1.32 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ്.

കാലാവസ്ഥാവ്യതിയാനം സസ്യലോകത്ത് വരുത്തുന്ന മാറ്റങ്ങൾ, ചൂട് സസ്യങ്ങളുടെ ജനിതക ഘടനയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ ഇതെല്ലാമടങ്ങുന്നതാണ് മൂന്നുവർഷത്തെ ഗവേഷണം. ചെക്ക് റിപ്പബ്ലിക്കിലെയും ഫ്രാൻസിലെയും പ്രമുഖ ഗവേഷണ കേന്ദ്രങ്ങളിലാണ് പഠനം.
കാഞ്ഞങ്ങാട് സ്വദേശിയായ അമൃത എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെയാണ് ബി.എസ്‌സി ബോട്ടണി പാസ്സായത്. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്ന് ബയോടെക്‌നോളജി ബിരുദാനന്തര ബിരുദം നേടി. ഭോപ്പാൽ ഐസറിലും പാലംപൂർ ഐ.എച്ച്.ബി.ടിയിലും ഗവേഷണവും കഴിഞ്ഞു. സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ കെ.പ്രകാശന്റെയും കാഞ്ഞങ്ങാട് അമൃത വിദ്യാലയം അദ്ധ്യാപിക എം.ജി.ശ്രീദേവിയുടെയും മകളാണ്. സഹോദരി അഭിരാമി ശ്രീപ്രകാശ് ജർമനിയിലെ മ്യൂണിക്ക് സാങ്കേതിക സർവകലാശാലയിൽ പ്രോസസ് എൻജിനീയറാണ്.

ബിരുദാനന്തര പഠന കാലത്തുതന്നെ ഡോക്ടറൽ പ്രോഗ്രാമുകളെയും ഫെലോഷിപ്പുകളെയും കുറിച്ച് പഠിക്കാൻ തുടങ്ങണം. യൂറോപ്യൻ അവസരങ്ങൾ വർഷം മുഴുവനും ലഭ്യമാണെങ്കിലും അമേരിക്കൻ അവസരങ്ങൾ സാധാരണ ഡിസംബറോടെ അവസാനിക്കും.

- അപർണാ ശ്രീപ്രകാശ്