road1
കോട്ടച്ചേരി ബസ് സ്റ്റാൻഡ് കൃഷ്ണമന്ദിർ ഇൻഡസ് മോട്ടോർ ജംഗ്ഷൻ റോഡ് അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചിട്ട നിലയിൽ

കാഞ്ഞങ്ങാട്: യാത്രക്കാരെ കുഴപ്പിക്കാൻ കോട്ടച്ചേരി ബസ് സ്റ്റാൻഡ് -കൃഷ്ണമന്ദിർ -പുതിയകോട്ട റോഡ് അടച്ച് വീണ്ടും അറ്റകുറ്റപ്പണി. ദിവസവും നിരവധി പേർ ഉപയോഗിക്കുന്ന റോഡിലാണ് അറ്റകുറ്റപ്പണിയുടെ പേരിൽ ആകെ കുരുക്കൊരുക്കുന്നത്. കോൺക്രീറ്റ് യാർഡ് നിർമാണം പൂർത്തിയാക്കി അടുത്തിടെ തുറന്നു കൊടുത്ത കോട്ടച്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് ഗണേശ മന്ദിർ, കൃഷ്ണമന്ദിർ വഴി പുതിയകോട്ടയിലെ പഴയ ഇൻഡസ് മോട്ടോഴ്സിന് സമീപം ചേരുന്ന റോഡാണ് അറ്റകുറ്റപ്പണിക്കായി തലങ്ങും വിലങ്ങും അടച്ചിട്ടത്.

കോട്ടച്ചേരി പുതിയകോട്ട റോഡിന്റെ സമാന്തര റോഡ് എന്ന നിലയിലും ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ, മേലാങ്കോട്ട്, നെല്ലിക്കാട്ട്, അതിയാമ്പൂർ, കിഴക്കുംകര ,കാരാട്ടുവയൽ, ചെമ്മട്ടംവയൽ മേഖലകളിലേക്കുമെല്ലാം ടൗണിൽ നിന്ന് എളുപ്പം സഞ്ചരിച്ചെത്താനാകും. നൂറു കണക്കിന് വാഹനയാത്രക്കാർ ദിവസവും ഉപയോഗിക്കുന്ന റോഡിലാണ് തലതിരിഞ്ഞ ഈ നടപടി.

കോട്ടച്ചേരി കൃഷ്ണമന്ദിർ പുതിയകോട്ട റോഡിൽ ഗ്രോടെക് മുതൽ പുതിയകോട്ട ഇൻഡസ് ജംഗ്ഷൻ വരെയുള്ള ഭാഗം കോൺക്രീറ്റിംഗിനായി കഴിഞ്ഞ ഏഴു മാസമായി അടച്ചിട്ടതിന് പുറമെയാണ് പുതിയ പരീക്ഷണം. ഈ പണി തീർക്കുന്നതിന് ഇനിയും ഒരു മാസം വേണമെന്നാണ് പറയുന്നത്. ഇന്നലെ രാവിലെയാണ് ഈ റോഡിലേക്ക് തുറക്കുന്ന എല്ലാ സമീപന റോഡുകളും കൂടി മണ്ണിട്ടും കല്ല് നിരത്തിയും ബോർഡ് സ്ഥാപിച്ചുമെല്ലാം അടച്ചിട്ടത്. സർജികെയർ ആശുപത്രിക്ക് സമീപം മുതൽ വിവിധ ഭാഗങ്ങളിലായാണ് റോഡ് അടച്ചത്.

വാഹനമുണ്ടെങ്കിലും പുറത്തിറക്കാനാവില്ല!
മേലാങ്കോട്ടേക്കുള്ള ദേവൻ റോഡ്, മെയിൻ റോഡിൽ ബ്രദേഴ്സ് ഫുട് വെയറിന് സമീപം തുടങ്ങി ദേവൻ റോഡ് ജംഗ്ഷനിൽ അവസാനിക്കുന്ന ലിങ്ക് റോഡ്, മഹാകവി പി.സ്മാരകത്തിന് മുന്നിലൂടെ സർജികെയർ ആശുപത്രി ഭാഗത്തേക്കും തിരിച്ച് പുതിയകോട്ടയിലേക്കുള്ള റോഡുമെല്ലാം അടച്ചു പൂട്ടിയ നിലയിലാണ്. ടി.ബി റോഡ് ജംഗ്ഷന് എതിർവശത്ത് നിന്ന് കൃഷ്ണമന്ദിർ വഴി ദേവൻ റോഡിലേക്കെത്തുന്ന വഴിയും ഇതേ സ്ഥിതിയിലാണ്. ഇതിന് നേരെ എതിർവശം ദുർഗാ സ്‌കൂൾ റോഡിന് സമാന്തരമായിട്ടുള്ള മറ്റൊരു റോഡുള്ളതും അടച്ചിട്ടിരിക്കുന്നു. നടക്കാൻ പോലും വഴി വെക്കാതെ അടച്ചതോടെ ഈ ഭാഗത്ത് പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും ദുരിതത്തിലായി. ഈ ഭാഗത്തെ താമസക്കാർ സ്വകാര്യ വാഹനങ്ങൾ വീട്ടിൽ നിന്നിറക്കാൻ സാധിക്കാതെ മാസങ്ങളായി വീടുകളിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്.