കാസർകോട്: മഞ്ചേശ്വരം പൊലീസ് കേരള അതിർത്തിയിലെ രഹസ്യ താവളത്തിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു.116 കിലോ കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച മിനി ലോറിയുമാണ് പിടികൂടിയത്. കൊടലമൊഗറു സുള്ള്യമ്മയിലെ ഒരു വീടിന്റെ 15 മീറ്റർ അകലെയുള്ള ഷെഡിലാണ് കഞ്ചാവ് ഒളിപ്പിച്ചു വെച്ചിരുന്നത്. മിനി ലോറി കഞ്ചാവ് ശേഖരം സൂക്ഷിച്ച ഷെഡിന്റെ സമീപത്തായി നിർത്തിയിട്ട നിലയിലായിരുന്നു.
മിനി ലോറിയുടെ ഉടമയെ പൊലീസ് ചോദ്യം ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കാസർകോട് എ.എസ്.പി ഡോ. നന്ദഗോപന്റെ നിർദ്ദേശ പ്രകാരം ഇൻസ്‌പെക്ടർ അനൂപ് കുമാർ, എസ്.ഐ കെ.ആർ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് പിടികൂടിയത്. കർണ്ണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നും അതീവ രഹസ്യമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് വിതരണ സംഘത്തിന് കൈമാറുന്നതിനായി ചാക്കിൽകെട്ടി ഷെഡിൽ രഹസ്യമായി സൂക്ഷിച്ചുവെച്ചതായിരുന്നു. കഞ്ചാവിന്റെ അളവ് കൂടുതലായതിനാൽ ലഹരി കടത്ത് മാഫിയ സംഘത്തിന് ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്.