പാപ്പിനിശ്ശേരി: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ എസ്.ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. ലൈസൻസില്ലാതെ അപകടകരമായി കാർ ഓടിച്ചു വന്ന മാടായി മഹ്ദാർ മസ്ജിദിന് സമീപത്തെ നഫീസ മൻസിലിൽ കെ.ഫായിസ് അബ്ദുൽ ഗഫൂർ (23), കൂടെയുണ്ടായിരുന്ന മാട്ടൂൽ കാവിലെപറമ്പയിലെ പി.പി. നിയാസ് (22) എന്നിവരെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പരിക്കേറ്റ എസ്‌.ഐ ടി.എം വിപിൻ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച രാത്രി 7 മണിയോടെ വളപട്ടണം പാലത്തിന് സമീപത്താണ് സംഭവം. എസ്.ഐ.യും സംഘവും ട്രാഫിക് ഡ്യൂട്ടിക്കിടെ പാപ്പിനിശേരി ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് അപകടകരമാംവിധം ഓടിച്ചു വന്ന കാർ കൈകാണിച്ച് റോഡരികിൽ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ പോകുകയും പിന്നീട് തിരിച്ചെത്തി എസ്‌.ഐയെ ഇടിക്കുകയുമായിരുന്നു. കാറിന്റെ ബോണറ്റിനു മേൽ വീണ എസ്.ഐയുമായി മൂന്നോട്ട് നീങ്ങിയ കാർ ഓട്ടോറിക്ഷയിലിടിച്ച ശേഷം സമീപത്തെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഈ സമയം വരെ എസ്‌.ഐ ബോണറ്റിനു മുകളിലായിരുന്നു.