കണ്ണൂർ: ബി.ജെ.പി ജില്ലാ ഘടകം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമം നേതാക്കളിടപ്പെട്ട് തടഞ്ഞു. ശബരിമലയിൽ നടന്ന കൊള്ളയും സ്വർണ്ണ കവർച്ചയും സി.ബി.ഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവെക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ് കുമാർ അധ്യക്ഷനായി. സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു എളക്കുഴി, യുവമോർച്ച സംസ്ഥാന ജന.സെക്രട്ടറി വരുൺ പ്രസാദ് എന്നിവർ സംസാരിച്ചു. നേതാക്കളായ എം.ആർ സുരേഷ്, ടി.സി മനോജ്, അജികുമാർ കരിയിൽ, എ.പി ഗംഗാധരൻ, അഡ്വ. ഷിജിലാൽ നേതൃത്വം നൽകി. മാർച്ചിനോടനുബന്ധിച്ച വൻ സുരക്ഷാ സന്നാഹമാണ് കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയത്.