പാനൂർ: പാട്യം കിഴക്കേ കതിരൂരിൽ മൗവ്വഞ്ചേരി പീടികയ്ക്ക് സമീപമുള്ള റോഡിൽ ബോംബ് സ്‌ഫോടനം. ബുധനാഴ്ച രാത്രി11.50 ഓടെയായിരുന്നു സംഭവം. സ്‌ഫോടനത്തിൽ ചീളുകൾ തെറിച്ച് തൊട്ടടുത്തുള്ള വീടുകളിലെ ജനൽ ചില്ലുകൾ തകർന്നു. മൗവ്വഞ്ചേരി പ്രഭാകരന്റെ വീട്ടിലെ ജനൽ ചില്ലും, തൊട്ടടുത്ത കാവ്യശ്രീയുടെ വീടിന്റെ
ജനൽ ചില്ലുകളുമാണ് തകർന്നത്. ഉഗ്രസ്‌ഫോടന ശക്തിയുള്ള ബോംബാണ് റോഡിലെറിഞ്ഞത്. സ്‌ഫോടനം നടന്ന റോഡിൽ നിന്നും 60 മീറ്ററോളം അകലെയുള്ള വീടിന്റെ ജനൽ ചില്ലാണ് തകർന്നത്. കാവ്യശ്രീ ഡി.വൈ.എഫ്.ഐ കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റിയംഗവും വനിത വളണ്ടിയറുമാണ്. സംഭവമറിഞ്ഞയുടൻ കതിരൂർ പൊലീസ് സ്ഥലത്തെത്തി. കതിരൂർ സി.ഐ അരുൺ ദാസ്, കൂത്തുപറമ്പ് എ.സി.പി കെ.വി. പ്രമോദൻ, കണ്ണൂർ ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്
എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. പ്രദേശത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടും സുരേന്ദ്രൻ ദിനാചരണത്തിന്റെ ഭാഗമായും നേരിയ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എമ്മും സി.പി.എമ്മാണെന്ന് ബി.ജെ.പി. നേതാക്കളും കുറ്റപ്പെടുത്തി.