dance

കണ്ണൂർ: പ്രായത്തെയും വേദികളെയും കീഴടക്കുകയാണ് കീഴാറ്റൂരിലെ എട്ടു നർത്തകിമാർ. നടൻ സന്തോഷ് കീഴാറ്റൂരിന്റെ മാതാവ് കെ.കാർത്യായനി അടക്കം എല്ലാവരും അറുപതിനും എഴുപത്തിയഞ്ചിനും ഇടയിലുള്ളവ‌ർ. നാട്ടിലെ പുതുവത്സരാഘോഷത്തിന് വേണ്ടി കൈക്കൊട്ടിക്കളിയുമായി തുടങ്ങിയ സംഘം ഇരുപത് വേദികൾ പിന്നിട്ടുകഴിഞ്ഞു.

കെ.കാർത്യായനി (75),​പി.ദാക്ഷായണി(73),എം.സരോജിനി(73) കെ.ഉഷ (68),എം.വി ശ്യാമള (68),കെ.വി.ഉഷ (68),കെ.വി.ഹൈമാവതി (62),ഇ.പി.ഭാർഗവി(61) എന്നിവരാണ് സംഘത്തിലുള്ളത്. ആദ്യം കൈകൊട്ടിക്കളി അരങ്ങിലെത്തിച്ചു. തുടർന്ന് സിനിമാറ്റിക്കും നാടൻപാട്ടുകളിലെ സ്റ്റെപ്പുമെല്ലാം കൂട്ടിയിണക്കി ഒരു ഫ്യൂഷനും കൂടി സംഘം പരിശീലിച്ചു. ഇതിന് എല്ലാവരുടെയും പിന്തണയും ലഭിച്ചു.

ചെറുപ്പത്തിൽ നടക്കാത്ത ആഗ്രഹങ്ങളെന്നാണ് സംഘം തങ്ങളുടെ നൃത്തത്തെ വിശേഷിപ്പിക്കുന്നത്. ആശ വർക്കറും നൃത്താദ്ധ്യാപികയുമായ പ്രവീണ മോഹൻ കൂവോടാണ് ഇവരുടെ ഗുരു. കുട്ടികളെ പോലെ കൈ പിടിച്ചും കാലോട് കാൽ ചേർത്ത് വച്ചുമൊക്കെയാണ് ഓരോ സ്റ്റെപ്പുകളും ഇവർ പഠിച്ചെടുക്കുന്നവെന്നാണ് ടീച്ചർ പറയുന്നത്. അതേസമയം, വേദിയിൽ വച്ച് ഏതെങ്കിലും സ്റ്റെപ്പുകൾ തെറ്റുമ്പോൾ കാണിച്ചുകൊടുക്കാൻ പ്രവീണ കൂടെയുള്ളതും ഇവർക്ക് ആശ്വാസമാണ്. കീഴാറ്റൂർ ഇ.എം.എസ് വായനശാല പ്രവർത്തകരാണ് ഈ എട്ടംഗ സംഘം.

'ഇനി ഒരു ലഡ്ഡുവൊക്കെ

കഴിക്കാം"

ഡാൻസിലൂടെ വ്യായാമവും മാനസികോല്ലാസവും ലഭിച്ചതോടെ വാർദ്ധക്യ സഹജമായ അസുഖങ്ങൾ തങ്ങളിൽ പലർക്കും ആശ്വാസമുണ്ടാക്കിയെന്നാണ് എട്ടംഗ സംഘം പറയുന്നത്. കൂടാതെ ഇനി ഒരു ലഡ്ഡുവൊക്കെ കഴിക്കാമല്ലോയെന്ന സന്തോഷത്തിലാണിവർ.

വീട്ടിലിരിക്കുന്ന എല്ലാ പ്രായമായവർക്കും പ്രചോദമനമാണിത്. കൂടുതൽ വേദികളിലേക്ക് പ്രയാണം തുടരും. പരിപാടികൾ കിട്ടുന്നുണ്ട്.

-പ്രവീണ മോഹൻ കൂവോട്

നൃത്താദ്ധ്യാപിക