sundahraesan-payyannur

കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച ഭൈരവൻ തെയ്യം ശില്പരൂപം വടക്കേ മലബാറിലെ ദണ്ഡനത്തിലും കരുണയിലും അടിസ്ഥാനമായ ആരാധനാമൂർത്തിയാണ്.പരമശിവന്റെ ഭിക്ഷാടന രൂപത്തെ പ്രതിനിധീകരിക്കുന്നതാണ് ഭൈരവൻ തെയ്യം.പ്രശസ്ത കരകൗശല വിദഗ്ധനായ കണ്ണൂർ പയ്യന്നൂർ കരിപ്പാൽ സ്വദേശി അമ്പത്തിനാലുകാരൻ സുന്ദരേശൻ പയ്യന്നൂ രാണ് ശിൽപം രൂപകൽപ്പന ചെയ്തത്.വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലെ ജീവനക്കാരനായ സുന്ദരേശൻ ആറുമാസം മുമ്പ് പൂർത്തീകരിച്ച ശില്പം കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ വിൽപ്പനയ്ക്കായി വച്ചിരുന്നു.അവിടന്നാണ് പ്രധാനമന്ത്രിക്കുള്ള സമ്മാനമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളിലെത്തിയത്.മുമ്പ് മുഖ്യമന്ത്രി ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് സമ്മാനിച്ച വിഷകണ്ഠൻ തെയ്യം ശില്പവും സുന്ദരേശന്റെ സൃഷ്ടിയായിരുന്നു.

ഭാര്യ വത്സല ശില്പനിർമ്മാണത്തിൽ പൂർണ സഹായവുമായികൂടെയുണ്ട്.മക്കൾ:അഭിഭാഷകയായ അനുപമ,​ചിത്രകലാ അദ്ധ്യാപിക അപർണ.

ഭൈരവന്റെ ഉത്ഭവകഥ
ത്രിമൂർത്തികളിൽ ആരാണ് ഏറ്റവും ശ്രേഷ്ഠനെന്ന് തീരുമാനിക്കാൻ ഉണ്ടായ തർക്കമാണ് ഭൈരവന്റെ ഉത്ഭവകഥ.തന്റെ അടിയും മുടിയും കണ്ടെത്താൻ പരമശിവൻ ബ്രഹ്മാവിനെയും മഹാവിഷ്ണുവിനെയും വെല്ലുവിളിച്ചു.മഹാവിഷ്ണു തോൽവി സമ്മതിച്ചെങ്കിലും,ബ്രഹ്മാവ് കൈതപ്പൂവിനെ സാക്ഷിയാക്കി കള്ളം പറഞ്ഞു.കോപാകുലനായ പരമശിവൻ ബ്രഹ്മാവിന്റെ നാലു ശിരസ്സുകളിൽ ഒന്ന് നഖത്താൽ നുള്ളിയെറിഞ്ഞു.കൈതപ്പൂവിനെയും ശപിച്ചു.ബ്രഹ്മാവിന്റെ ശാപം പരമശിവനെ പന്ത്രണ്ടു വർഷം കപാലവുമായി ഭിക്ഷയാചിക്കാൻ നിർബന്ധിതനാക്കി.അങ്ങനെ ഭൈരവവേഷം ധരിച്ച്,ബ്രഹ്മകപാലം ഭിക്ഷാപാത്രമാക്കി പരമശിവൻ ഭൂമിയിൽ അലഞ്ഞെന്നാണ് ഐതിഹ്യം.മന്ത്രവാദ പാരമ്പര്യമുള്ള തറവാടുകളിലും യോഗിമാരുടെ മഠങ്ങളിലുമാണ് കുലദൈവമായി ഭൈരവനെ ആരാധിച്ചുപോരുന്നത്.

എട്ടു ഭാവങ്ങൾ

കൈയിൽ മണിയും കപാലവുമേന്തി പൊയ്ക്കണ്ണണിയുന്ന രൂപത്തിൽ,വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് ഭൈരവനെ കെട്ടിയാടിക്കുന്നത്.അഗ്നി ഭൈരവൻ,ആദി ഭൈരവൻ,യോഗി ഭൈരവൻ,കാല ഭൈരവൻ,കങ്കാള ഭൈരവൻ,ശാക്തേയ ഭൈരവൻ,ഈശ്വര ഭൈരവൻ,കപാല ഭൈരവൻ എന്നിങ്ങനെ എട്ടു ഭാവങ്ങളാണ് ഭൈരവൻ തെയ്യത്തിനുള്ളത്.മന്ത്രമൂർത്തി വിഭാഗത്തിലെ ഈ തെയ്യം,മലയ സമുദായാംഗങ്ങളാണ് കെട്ടിയാടുന്നത്.

''തെയ്യം ശില്പങ്ങളാണ് കൂടുതലും നിർമ്മിക്കാറുള്ളത്.കുടുംബം പൂർണ സഹായവുമായികൂടെയുണ്ട്.""

-സുന്ദരേശൻ