കണ്ണൂർ: റെയിൽവേ സ്റ്റേഷനിലെ റസ്റ്റോറന്റുകളിലും ബെയ്സ് കിച്ചനുകളിലും മിന്നൽ പരിശോധന. 'ഓപ്പറേഷൻ പൊതിച്ചോർ' എന്ന പേരിൽ റെയിൽവേ പൊലീസിന്റെയും ആർ.പി.എഫിന്റെയും, റെയിൽവേ ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. റെയിൽവേ എസ്.പി ഷഹൻ ഷായുടെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി ഇന്നലെ ഉച്ച 12 മണിയോടെയാണ് മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയത്.
ട്രെയിനുകൾക്കുള്ളിലും പ്ലാറ്റ്‌ഫോമിനകത്തും യാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപക പരാതി ഉയർന്നതിനെ തുടർന്നായിരുന്നു മിന്നൽ പരിശോധന. കണ്ണൂരിലെയും തലശേരിയിലെയും പ്ലാറ്റ്‌ഫോമിലുള്ള ബേസ് കിച്ചനുകളിലും റസ്‌റ്റോറന്റുകളുമാണ് പരിശോധിച്ചത്. കൂടാതെ കണ്ണൂർ വഴി കടന്നുപോകുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് പാൻട്രികാറിലും പരിശോധന നടത്തി. പരിശോധനയിൽ വലിയ ക്രമക്കേടുകൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ചെറിയ ന്യൂനതകൾ പരിഹരിക്കാൻ നിർദ്ദേശം നൽകി.
തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുണ്ടോ എന്നതടക്കം പരിശോധിച്ചിരുന്നു. കണ്ണൂർ റെയിൽവേ പൊലീസ് എസ്.ഐമാരായ ജയേഷ് കുമാർ, സുനിൽ കുമാർ, ആർ.പി.എഫ് ഇൻസ്‌പെക്ടർ വർഗീസ് എന്നിവർ നേതൃത്വം നൽകി.