പാപ്പിനിശ്ശേരി: നൂറു കണക്കിനാളുകൾ നിത്യേന കാൽനടയാത്രക്കായി ഉപയോഗിക്കുന്ന ദേശീയപാത വളപട്ടണം പാലത്തിലെ നടപ്പാത കെണിയായി മാറി. പാലത്തിന്റെ ഇരുഭാഗത്തെയും നടപ്പാതയുടെ മിക്ക ഭാഗവും പൊട്ടി തകർന്ന് കിടക്കുകയാണ്. വർഷങ്ങളായി തുടരുന്ന നടപ്പാതയിലെ തകർച്ച പരിഹരിക്കാൻ ആരും മുന്നോട്ട് വരാത്ത സ്ഥിതിയാണ്. നിരവധി കമ്പനി തൊഴിലാളികളും പൊതുജനങ്ങളും വളപട്ടണം പാലത്തിന്റെ ഇരുഭാഗത്തേക്കും കടക്കാൻ പതിവായി ഉപയോഗിക്കുന്ന നടപ്പാതയാണിത്.
പല സ്ലാബുകളും മുറിഞ്ഞ നിലയിലാണ്. ചിലയിടങ്ങളിൽ മദ്ധ്യഭാഗം മുറിഞ്ഞ് തലകുത്തി നിൽക്കുന്ന സ്ഥിതിയും. കുറേ ഭാഗം സ്ലാബുകൾ പൊട്ടി തകർന്ന് അതിൽ പുല്ലും കാടും നിറഞ്ഞു. പലരും കാൽ കുടുങ്ങി അപകടത്തിലാകുന്നതും പാലത്തിലെ സ്ഥിരം കാഴ്ചയാണ്.
1980ൽ തുറന്ന പാലത്തിനും നടപ്പാതക്കും നാലര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പാലം തുറന്നു കൊടുത്തത് മുതൽ സ്ലാബുകൾ ഇളക്കി സ്വകാര്യ ടെലിഫോൺ കമ്പനികളുടെ അടക്കം കേബിളുകൾ കടത്തി വിടുന്ന പ്രധാന വഴിയാണ് നടപ്പാതയുടെ അടിഭാഗം. ഇത് കാരണം ഓരോ തവണ ഇളക്കി ഉയർത്തി വെക്കുമ്പോഴും നടപ്പാത തകർന്നു കൊണ്ടേയിരിക്കുന്നു. എന്നാൽ നടപ്പാതയുടെ താഴേ കൂടി കേബിളുകൾ കടത്തി വിടുമ്പോൾ സ്ലാബുകൾക്കുണ്ടാകുന്ന തകർച്ച പരിഹരിക്കാറില്ല. ഏറ്റവും ഒടുവിൽ 2016ൽ പാലത്തിലും മറ്റും നടത്തിയ അറ്റകുറ്റ പണികൾക്കിടയിൽ പൊട്ടിയ ഏതാനും സ്ലാബുകൾ മാറ്റിയിരുന്നു. കഴിഞ്ഞ ഒൻപത് വർഷങ്ങളായി വീണ്ടും സ്ലാബുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് തുടർന്നതോടെ നടപ്പാതയുടെ. സ്ഥിതിയും പരിതാപകരമാകുകയാണ്.
പാലത്തിൽ കുഴി അടക്കൽ മാത്രം
വളപട്ടണം പാലത്തിലും നിരവധി കുഴികളാണ് പലപ്പോഴും രൂപപ്പെടുന്നത്. പരാതികൾ കനക്കുമ്പോൾ ഓട്ട അടക്കൽ മാത്രമാണ് കഴിഞ്ഞ ഒൻപത് വർഷമായി നടക്കുന്നത്. പാലത്തിന്റെ അറ്റകുറ്റ പണികളോടൊപ്പം 2016ൽ പലത്തിലും മെക്കാഡം ടാറിംഗ് നടത്തിയിരുന്നു. എന്നാൽ ഒൻപത് വർഷമായിട്ടും പിന്നീടൊന്നുമുണ്ടായില്ല. അതിന്റെ ഭാഗമായി പാലത്തിലെ പല ഭാഗത്തും ടാറിംഗ് പൂർണമായി ഇളകിയിട്ടുണ്ട്.
നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന സുപ്രധാന പാലത്തിന്റെയും നടപ്പാതയുടെയും ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും നിരന്തര ജാഗ്രത അത്യാവശ്യമാണ്. പാലത്തിന്റെ ഇരുഭാഗവും വ്യവസായ കേന്ദ്രവുമാണ്. നൂറുകണക്കിന് തൊഴിലാളികൾ അടക്കം ഇരുഭാഗത്തേക്കും കടക്കുന്ന കാൽനട യാത്രക്കാർക്ക് സുഗമമായി നടക്കാനുള്ള വഴിയെങ്കിലും ഒരുക്കണം.
യാത്രക്കാർ