നീലേശ്വരം: ബാനം ഗവ. ഹൈസ്‌കൂൾ ആഥിത്യമരുളുന്ന കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കായികമേള സംഘാടകസമിതി രൂപീകരണ യോഗത്തിൽ തന്നെ കല്ലുകടി. സംഘാടകസമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തത് ഇരുപതോളം പേർ മാത്രം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത, വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, മേളക്ക് ആദിത്യമരുളുന്ന സ്‌കൂൾ ഉൾപ്പെട്ട പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, വൈസ് പ്രസിഡന്റ് ഭൂപേഷ്, കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, പഞ്ചായത്ത് മെമ്പർ പി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംഘാടകസമിതി യോഗത്തിന് എത്താത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.

സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത ജില്ല പഞ്ചായത്തംഗം സി.ജെ സജിത്ത്, അധ്യക്ഷയായ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എൻ സരിത എന്നിവർ മാത്രമായിരുന്നു യോഗത്തിന് എത്തിയ ജനപ്രതിനിധികൾ. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അവധിയിലാണ്. പകരം ചുമതല നൽകിയ കാസർകോട് ഡി.ഇ.ഒയോ കാഞ്ഞങ്ങാട് ഡി.ഇ.ഒയോ വിവിധ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോ ആരും തന്നെ യോഗത്തിൽ പങ്കെടുത്തില്ല. അദ്ധ്യാപക സംഘടന പ്രതിനിധികളും ബാനം സ്‌കൂളിലെ അദ്ധ്യാപകരും ഏതാനും രക്ഷിതാക്കളും ഉൾപ്പെടെ കേവലം 20 താഴെ ആളുകൾ മാത്രമായിരുന്നു യോഗത്തിനെത്തിയത്.

കായികമേളയ്ക്ക് വരുന്ന ഭാരിച്ച ചെലവ് കണ്ടെത്തുക പ്രയാസമായിരിക്കെയാണ് സംഘാടക സമിതി രൂപീകരണ യോഗം തന്നെ ചടങ്ങായി മാറിയത്. കൂടുതൽ ചെലവ് വരുന്ന ഭക്ഷണ കമ്മിറ്റിയുടെ ചുമതല ബാനം സ്‌കൂളിന് തന്നെ ഏറ്റെടുക്കേണ്ടിയും വന്നു. ഇങ്ങനെയാണെങ്കിൽ മേള എങ്ങനെ നടത്തിക്കൊണ്ടുപോകും എന്ന ആശങ്കയാണ് സ്‌കൂൾ അധികൃതർക്ക്. ചെലവിന്റെ കാര്യം ഭയന്ന് എല്ലാ വർഷവും കായികമേള നടത്താൻ സ്‌ക്കൂളുകൾ പിന്നോട്ട് പോവുകയാണ് ചെയ്യുന്നത്. ഈ മാസം 15, 16, 17 തീയതികളിൽ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.