കണ്ണൂർ: തളിപ്പറമ്പിലുണ്ടായ വൻ തീപിടിത്തതിനിടെ പതിനായിരം രൂപയുടെ സാധനങ്ങൾ മോഷണം പോയെന്ന പരാതിയുമായി കട ഉടമ. എതിർവശത്തുള്ള നിബ്രാസ് ഹൈപ്പർ മാർക്കറ്റിൽ മുഖം മറച്ചെത്തിയ ആൾ 10000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു എന്നാണ് ഉടമയുടെ പരാതി.

തീപിടിത്തം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു മോഷണം. ആരും ശ്രദ്ധിക്കില്ലെന്ന് മനസിലാക്കിയ മോഷ്ടാവ് അവസരം മുതലെടുക്കുകയായിരുന്നു. സംശയം തോന്നി സി.സി ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് സാധനങ്ങൾ മോഷണം പോയെന്ന് മനസ്സിലായത്. കട ഉടമ നിസാർ ആണ് പരാതി നൽകിയത്. മോഷ്ടാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സാധനങ്ങളുമായി പുറത്തിറങ്ങിപ്പോയ മോഷ്‌ടാവിന് പിന്നാലെ കടയിലെ ജീവനക്കാർ പോയെങ്കിലും ആൾക്കൂട്ടത്തിനിടയിലൂടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു.

അതേസമയം, കടയിൽ മറ്റൊരു സ്ത്രീയും മോഷണം നടത്തിയെന്നും ഇവരെ കൈയോടെ പിടിച്ചെന്നും ഉടമ പറഞ്ഞു. കഴിഞ്ഞ ഒൻപതിനാണ് തളിപ്പറമ്പ് ബസ് സ്‌റ്റാൻഡിന് സമീപം കെ.വി കോംപ്ലക്‌സിൽ വൻ തീപിടിത്തമുണ്ടായത്. വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.