കൊട്ടിയൂർ: കൊട്ടിയൂർ നീണ്ടുനോക്കി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനായി ഭൂമിയും വീടും സ്ഥാപനങ്ങളും വിട്ടുനൽകിയവർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. മലയോര ഹൈവേയും കൊട്ടിയൂർ സമാന്തരപാതയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ബാവലിപ്പുഴയ്ക്ക് കുറുകെ കൊട്ടിയൂർ നീണ്ടുനോക്കിയിൽ പാലം നിർമ്മിച്ചത്. പാലം നിർമ്മാണം പൂർത്തിയായതോടെ ബാവലിപ്പുഴയുടെ അക്കരെയുള്ളവർക്കും പാലുകാച്ചി മേഖലയിലുള്ളവർ ഉൾപ്പെടെ നിരവധി പേർക്ക് നീണ്ടുനോക്കി ടൗണിൽ എത്താനുള്ള എളുപ്പമാർഗ്ഗമായിരുന്നു തുറന്നത്. കൂടാതെ കൊട്ടിയൂർ വൈശാഖ മഹോത്സവകാലത്തെ ഗതാഗത കുരുക്കിനും വലിയൊരു പരിഹാരമായിരുന്നു.


മൂന്നു വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച പാലവും അപ്രോച്ച് റോഡും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. പണികൾ ആരംഭിക്കുന്നതിന് മുമ്പേ നഷ്ടപരിഹാരം കണക്കാക്കി പണം നൽകുമെന്നായിരുന്നു പൊതുമരാമത്ത് അധികൃതർ ഉറപ്പു നൽകിയത്. എന്നാൽ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസമായിട്ടും നഷ്ടപരിഹാരം നൽകാത്തതിനെത്തുടർന്ന് പരാതിയുമായി എക്സിക്യൂട്ടീവ് എഞ്ചിനിയർ മുതൽ റവന്യു ഡിപ്പാർട്ട്‌മെന്റ് വരെ എല്ലാവരേയും സമീപിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെത്തുടർന്ന് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ് പ്രദേശവാസികൾ.


പൊതുമരാമത്ത് ഉദ്യോഗസ്ഥർ കൊട്ടിയൂർ പഞ്ചായത്തിൽ യോഗം വിളിച്ചു ചേർത്താണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. അപ്രോച്ച് റോഡ് നിർമ്മിക്കുമ്പോൾ നഷ്ടപ്പെടുന്ന വീട്, കെട്ടിടം, കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്ക് മികച്ച തുക നഷ്ടപരിഹാരമായി നൽകുമെന്നും വാഗ്ദാനം ചെയ്തിരുന്നു. കാര്യങ്ങൾ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ വീടും സ്ഥലവും വിട്ടുകൊടുത്തവർ റവന്യു വകുപ്പ് മന്ത്രിക്കും, ജില്ലാ കളക്ടർക്കും പരാതി നൽകിയിരിക്കുകയാണ്. തുടർ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുന്നോട്ട് പോകാനും വേണ്ടിവന്നാൽ കോടതിയെ സമീപിക്കാനുമുള്ള തയ്യാറെടുപ്പിലാണ് അപ്രോച്ച് റോഡിനായി സ്ഥലം വിട്ടുനൽകിയ വ്യാപാരികളും സ്ഥലം ഉടമകളും.

25 പേരിൽ നിന്നാണ് സ്ഥലം ഏറ്റെടുത്തത്. എന്നാൽ പലവിധ കാരണങ്ങളാൽ സ്ഥലം ഏറ്റെടുക്കലും റോഡ് നിർമ്മാണവും വൈകി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്ഥലം ഉടമകളുടെ പല യോഗങ്ങൾ പൊതുമരാമത്ത് ഉദ്യോഗസ്ഥർ പഞ്ചായത്ത് അധികൃതരുടെ സാന്നിദ്ധ്യത്തിൽ വിളിച്ചു ചേർത്തിട്ടുണ്ട്. എന്നാൽ നഷ്ടപരിഹാര തുക എത്രയെന്നു പോലും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റവന്യു അധികൃതർ ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നഷ്ടപരിഹാരം നൽകുന്നത് വൈകിപ്പിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. നഷ്ടപരിഹാര തുക എപ്പോൾ നൽകുമെന്ന് ഇതുവരെ പറയാത്തതിനെത്തുടർന്നാണ് സ്ഥലം ഉടമകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന വിശദീകരണമാണ് തുടർന്ന് ലഭിച്ചത്.