കണ്ണൂർ: രണ്ടാഴ്ചയിലധികമായി കുടിവെള്ളത്തിനായി യാചിക്കുകയാണ് കോർപ്പറേഷൻ താളിക്കാവ് ഡിവിഷനിലെ ഉള്ളാടത്ത് വയലിലെ കുടുംബങ്ങൾ. കോർപ്പറേഷനും വാട്ടർ അതോറിറ്റിയും തുടരുന്ന അവഗണനയിൽ
കുടിവെള്ളം പണം കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. നഗരത്തിലെ ഹോട്ടലുകളിലെ മാലിന്യം ഉൾപ്പെടെ ഒഴുകിയെത്തുന്ന ഓടയിൽ കൂടിയാണ് പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ചത്. അതിന് മുകളിലിട്ട സ്ലാബിട്ട വഴിയാണ് പ്രദേശത്തുള്ളവരുടെ സഞ്ചാര മാർഗ്ഗവും. ഇതിൽ കൂടി വരുന്ന ജലത്തിൽ മാലിന്യം കലരുന്നതായി പരാതി ഉയരുന്നതിനിടെ രണ്ടാഴ്ചകൾക്ക് മുൻപ് പ്രദേശത്ത് കുടിവെള്ള വിതരണം രണ്ട് ദിവസം തടസപ്പെടുമെന്ന വാട്ടർ അതോറിറ്റിയുടെ അറിയിപ്പുണ്ടായി. ഇതിനു ശേഷം ഇത്രയും ദിവസം പിന്നിട്ടിട്ടും പ്രദേശത്തുള്ളവരുടെ ഏക ആശ്രയമായ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം കിട്ടാക്കനിയായ നിലയിലാണ്.
എട്ട് കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊതുകിണറും ഉപയോഗശൂന്യമായി കിടക്കുന്നു. തൊട്ടടുത്ത തോട്ടിൽ നിന്നുള്ള മലിനജലം ഊർന്നിറങ്ങുന്നതാണ് കിണർ ഉപയോഗ ശൂന്യമാവാൻ കാരണം. മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന പ്രദേശവാസികൾ മാലിന്യം കലർന്ന കുടിവെള്ളത്തെയും ആശ്രയിക്കേണ്ടിവരുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാവുകയാണ്. ചെറിയ കുട്ടികൾക്ക് ഉൾപ്പെടെ കണ്ണിനും ശരീരമാസകലവും ചൊറിച്ചിൽ അനുഭവപ്പെടുകയാണ്. ദുർഗന്ധ പൂരിതമായ സാഹചര്യത്തിൽ ജീവിക്കേണ്ടി വരുന്ന സ്ഥിതിയിലാണ് പ്രദേശവാസികൾ.
പരാതിയിൽ പരിഹാരമില്ല
കോർപറേഷനിലും വാട്ടർ അതോറിറ്റിയിലും പരാതി നൽകി നിരവധി തവണ കയറിയിറങ്ങിയെങ്കിലും പരിഹാരമില്ല. കോർപറേഷൻ ശുചീകരണ തൊഴിലാളികൾ സ്ലാബുകൾ നീക്കി തുടക്കം കുറിച്ചെങ്കിലും പാമ്പിനെ കണ്ടതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഇപ്പോൾ വിളിച്ചാൽ ഫോൺ പോലും എടുക്കാത്തതിലും നാട്ടുകാർ പ്രതിഷേധത്തിലാണ്. കുടിവെള്ളത്തിനുള്ള ഏക ആശ്രയമായ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ മാലിന്യം നിറഞ്ഞ ഓടയിൽ നിന്ന് മാറ്റിയിട്ട് മാത്രം മതി ഇനി കുടിവെള്ളം എന്ന ഉറച്ച തീരുമാനത്തിലാണ് പ്രദേശവാസികൾ.
പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. താൽക്കാലികമായി ടാങ്കർ വഴി കുടിവെള്ളം വിതരണം ചെയ്യാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അഡ്വ. ചിത്തിര ശശിധരൻ, കൗൺസിലർ