
കണ്ണൂർ: ജില്ലയിൽ മൂന്ന് വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് .കിണർവെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നും കുടിവെള്ള ടാങ്കുകൾ വൃത്തിയാക്കണമെന്നുമടക്കമുള്ള നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്.
നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ളത്. ശുദ്ധീകരിക്കാത്ത കുളങ്ങളിൽ മുങ്ങാംകുഴി ഇട്ട് കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കാനും നിർദ്ദേശമുണ്ട്.
രോഗലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറെ കാണുമ്പോൾ ഇത്തരത്തിലുള്ള ആക്ടിവിറ്റികളിൽ പങ്കെടുത്ത വിവരം ഡോക്ടറെ നിർബന്ധമായും അറിയിക്കണം.നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കാനും നിർദ്ദേശമുണ്ട്. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നു.മലിനമായതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കുക. കിണറുകൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്‌ളോറിനേറ്റ് ചെയ്യണം. ഇത് അമീബയെ നശിപ്പിക്കുന്നതിനും മഞ്ഞപ്പിത്തത്തെ(ഹെപ്പറ്റൈറ്റിസ് എ ) രോഗത്തെ തടയുന്നതിനും സഹായിക്കുമെന്നും അധികൃതർ പറഞ്ഞു.
മരണസാദ്ധ്യത വലുതാണ്
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണപടത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്നാണ് മെനിഞ്ചോ എൻസെഫലൈറ്റീസ് ഉണ്ടാക്കുന്നത്.ബാധിച്ചാൽ 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരില്ല. രോഗബാധ ഉണ്ടായാൽ അഞ്ച് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.തീവ്രമായ തലവേദന, പനി,ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചം നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ്. ഭക്ഷണം കഴിക്കാനുള്ള വിമുഖത,നിഷ്‌ക്രിയരായി കാണപ്പെടുക,സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവയാണ് കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങൾ
നിലവിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമല്ല.എങ്കിലും ജില്ലയിൽ ജാഗ്രത പാലിക്കണം.കിണർ വെള്ളം ഉൾപ്പെടെ ക്ലോറിനേറ്റ് ചെയ്ത് മാത്രമേ ഉപയോഗിക്കാവൂ.
ജില്ലാ മെഡിക്കൽ ഓഫീസർ