കണ്ണൂർ: രാത്രി കാലങ്ങളിൽ സർവീസ് നടത്താമെന്ന് പറഞ്ഞ് പെർമിറ്റ് എടുത്ത് സർവീസ് നടത്താത്ത ബസുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ബസുകൾ പിടിച്ചെടുക്കുയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യാം. പകൽ മുഴുവൻ യാത്രക്കാരുടെ പണം വാങ്ങുകയും രാത്രിയായാൽ ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് പോകാൻ ബസ് തരില്ലയെന്ന് പറയുകയും ചെയ്യുന്നത് നിയമവിരുദ്ധമാണ്. പൊതുഗതാഗതം ശക്തിപ്പെടുത്താനും സ്വയം തൊഴിൽ കണ്ടെത്താനും 504 പുതിയ ബസ് റൂട്ടുകൾ കണ്ടെത്തി സ്വകാര്യ ബസുകൾ ഓടാനുള്ള ലൈസൻസ് നൽകാൻ സർക്കാർ ഒരുങ്ങുകയാണ്. ബസുകളുടെ സമയക്രമങ്ങൾ മാറ്റും. റോഡിലെ മരണസംഖ്യ കുറയ്ക്കുന്നതിനാണിത്. നിശ്ചിത ഇടവേളകൾ പാലിച്ച് മാത്രം ബസുകൾക്ക് പെർമിറ്റ് സമയം നൽകും. പറശ്ശിനി കടവിൽ മാർച്ച് മാസത്തോടെ 120 പേർക്ക് സഞ്ചരിക്കാവുന്ന അത്യാധുനിക ടൂറിസ്റ്റ് ബോട്ട് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പറശ്ശിനി കടവിന്റെ വികസനത്തിനായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും രണ്ട് ബോട്ടുസർവീസുകളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.