പഴയങ്ങാടി: പയ്യന്നൂർ -പഴയങ്ങാടി - കണ്ണൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ 4 ബസുകൾ അനുവദിച്ചതായി എം.വിജിൻ എം.എൽ.എ അറിയിച്ചു. ആദ്യഘട്ടത്തിൽ 4 ബസുകളാണ് ഓടുക. ലാഭകരമാണെങ്കിൽ കൂടുതൽ ബസുകൾ അനുവദിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ പഴയങ്ങാടി വഴി രാവിലെ 5 മണിക്ക് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് കണ്ണൂരിൽ എത്തുകയും തുടർന്ന് 6.20ന് പുറപ്പെട്ട് പയ്യന്നൂരിലേക്ക് എത്തുന്ന സർവ്വീസും, രാവിലെ 8.45 ന് പയ്യന്നൂരിൽ നിന്ന് പുറപ്പെടുന്ന കണ്ണൂരിലേക്കുമുള്ള ടി ടി ബസുമാണ് സർവീസ് നടത്തിവരുന്നത്. ഈ ബസുകൾക്ക് പുറമെയാണ് പുതിയ ബസുകൾ അനുവദിച്ചത്. പയ്യന്നൂർ ഡിപ്പോയിൽ നിന്നും 2 ബസുകളും, കണ്ണൂർ ഡിപ്പോയിൽ നിന്ന് 2 ബസുകളും ഉൾപ്പടെ 4 ബസുകളാണ് പുതിയതായി സർവീസ് നടത്തുക. തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമായുള്ള കെ.എസ്.ആർ.ടി.സി യുടെ യാത്രയിൽ മാടായിക്കാവിനെ കൂടി ഉൾപ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നൽകി ട്ടുണ്ട്. പഴയങ്ങാടിയിൽ നിന്ന് രാത്രി സർവ്വീസ് നടത്തുന്നതിന് പെർമിറ്റ് നൽകിയ സ്വകാര്യ ബസുകൾ ഓടാത്ത പ്രശ്നത്തിലും അടിയന്തരമായി ഇടപ്പെടുമെന്നും മന്ത്രി പറഞ്ഞു.