പാപ്പിനിശ്ശേരി: കെ.സി.സി.പി.എൽ ആന്റിസെപ്റ്റിക്സ് ആൻഡ് ഡിസിൻഫെക്ടന്റ്സ് മാനുഫാക്ചറിംഗ് കോംപ്ലക്സ് ഉദ്ഘാടനം 16ന് രാവിലെ 9.30ന് കണ്ണപുരത്ത് നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിക്കും. കൊവിഡ് കാലത്ത് ലോകം മുഴുവൻ നിശ്ചലമായിരുന്ന സാഹചര്യത്തിൽ, തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പിക്കാൻ വേണ്ടിയാണ് കണ്ണപുരം യൂണിറ്റിൽ സാനിറ്റൈസർ, ഹാൻഡ് വാഷ്, ഫ്‌ളോർ ക്ലീനർ, ഡി.എം. വാട്ടർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചത്. അതുവഴി വൻനേട്ടം കൈവരിക്കാൻ സാധിക്കുകയും ചെയ്തു.
'ഡിയോൺ' എന്ന ബ്രാൻഡിലാണ് ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കിയത്. വളരെക്കുറച്ച് സമയത്തിനുള്ളിൽ തന്നെ ഈ ബ്രാൻഡിന് വിപണിയിൽ നല്ല പ്രതികരണവും വിശ്വാസ്യതയും സാധ്യമാക്കി. ഇപ്പോൾ, കമ്പനിയുടെ ഏറ്റവും പുതിയ പദ്ധതിയായ ആന്റിസെപ്റ്റിക്സ് ആന്റ് ഡിസിൻഫെക്ടന്റ്സ് മാനുഫാക്ചറിംഗ് കോംപ്ലക്സ് 12 തരം പുതിയ ഡിസിൻഫെക്ടന്റുകളുടെ ഉൽപാദന സാദ്ധ്യതകളോടെ വിപുലമായ രൂപത്തിലാണ് എത്തുന്നത്. അണുനശീകരണ ഉൽപ്പന്നങ്ങളായതുകൊണ്ടു തന്നെ എല്ലാ കാലഘട്ടത്തിലും ഇതിന്റെ പ്രാധാന്യം ഏറുകയേ ഉള്ളൂ.
ഡിയോൺ ഡിസിൻട്ടോൾ, ഡിയോൺ സെപ്റ്റി ലോൺ, ഡിയോൺ ടോപിക്കൽ സൊല്യൂഷൻ, ഡിയോൺ പ്ലസ് ടോപിക്കൽ സൊലൂഷൻ, ഡിയോൺ പ്ലസ് ആന്റിസെപ്റ്റിക് സൊല്യൂഷൻ, ഡിയോൺ ക്ലിയർ ആന്റിസെപ്റ്റിക് സൊല്യൂഷൻ , സർജി സോൾ, ഐസോ റബ്ബ്, എതനോൾ റബ്ബ്, ക്ലോറോക്സിനോൾ സൊല്യൂഷൻ, ഡിയോൺ സുപ്രീം സൊല്യൂഷൻ, ഡിസ്ഇൻഫക്ടന്റ്, ഫ്‌ളോർ ക്ലീനർ എന്നിവയാണ് ഉൽപ്പന്നങ്ങൾ. വിവിധ സർക്കാർ ആശുപത്രികളിലേക്കും സ്ഥാപനങ്ങളിലേക്കും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി വിതരണം ചെയ്യുന്ന ഈ ഉൽപ്പന്നങ്ങൾ ഉയർന്ന നിലവാരമുള്ളവയുമാണ്.
കമ്പനിയുടെ പ്രവർത്തന മികവിനുള്ള അംഗീകാരമായി കമ്പനി എടുത്ത വായ്പയും പലിശയും അടക്കം 28.06 കോടി രൂപ സർക്കാർ ഓഹരിയാക്കിയത് സർക്കാരിന്റെ ഏറ്റവും വലിയ കരുതലിന്റെ ഭാഗമാണെന്നും കമ്പനി ചെയർമാൻ ടി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ.ആനക്കൈ ബാലകൃഷ്ണൻ പങ്കെടുത്തു.