പയ്യന്നൂർ: ബൈപാസ്സ് റോഡ് വഴി ഇന്ന് മുതൽ സ്വകാര്യ ബസ് സർവ്വീസ് നടത്തില്ല എന്ന തീരുമാനം തൽക്കാലം പിൻവലിച്ചതായി പയ്യന്നൂർ താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ബൈപാസ്സ് റോഡിന്റെ ടാറിംഗ് പ്രവൃത്തി ഉടനെ ആരംഭിക്കുമെന്നും ട്രാഫിക് കമ്മറ്റി യോഗം അടിയന്തരമായി വിളിച്ച് ചേർത്ത് മറ്റ് കാര്യങ്ങൾ തീരുമാനിക്കാമെന്നും , നഗരസഭ ചെയർപേഴ്സനും ഡിവൈ.എസ്.പി.യും ഉറപ്പ് തന്നതിന്റെ അടിസ്ഥാനത്തിലാണ് ബൈപാസ്സ് വഴി സർവ്വീസ് തുടരുവാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
ബൈപാസ്സ് റോഡിൽ ബി.കെ.എം. ജംഗ്ഷൻ മുതൽ എൽ.ഐ.സി.ജംഗ്ഷൻ വരെ ടാറിംഗിന് 45 ലക്ഷം രൂപയുടെ ടെണ്ടർ ആയിട്ടുണ്ടെന്നും , എൽ.ഐ.സി. ജംഗ്ഷൻ കുറച്ച് മുൻപ് മുതൽ പെരുമ്പ ദേശീയപാത വരെ മെക്കാഡം ടാറിംഗ് ചെയ്യുന്നതിന് രണ്ട് കോടി രൂപയുടെ ടെണ്ടർ 17 ന് തുറക്കുമെന്നും 18 ന് നടക്കുന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ടെണ്ടറിന് അംഗീകാരം നൽകി റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും ചെയർപേഴ്സൺ കെ.വി.ലളിത പറഞ്ഞു.