പ്ലാറ്റ്ഫോമിനെ രണ്ടായി പകുക്കുന്ന റോഡിലെ യാത്ര രണ്ടുംകൽപ്പിച്ച്
ഗേറ്റ് അടഞ്ഞാലുള്ള കാത്തിരിപ്പും തുറന്നാലുള്ള യാത്രയും അസഹനീയം
പാലക്കുന്ന്: പ്ലാറ്റ് ഫോമിലൂടെ റോഡ് കടന്നുപോകുന്ന സംസ്ഥാനത്തെ ഏക റെയിൽവെ സ്റ്റേഷനായ കോട്ടിക്കുളം റെയിൽ റോഡിലൂടെയുള്ള യാത്ര ദിവസം കഴിയുന്തോറും അസഹനീയമാകുന്നു.
പൊട്ടി പൊളിഞ്ഞ റോഡിലൂടെ ശ്രദ്ധയോടെ വണ്ടി ഓടിച്ചില്ലെങ്കിൽ പണി പാളുന്ന അവസ്ഥയാണ്. വേഗത കുറച്ചാണ് യാത്രയെങ്കിലും അപകടം ഇവിടെ പതിവാണെന്നാണ് പരാതി.
നേരിയ മഴ പെയ്താൽ പോലും ചളി വെള്ളം തെറിപ്പിക്കാതെ ഒരു വാഹനത്തിനും മുന്നോട്ട് നീങ്ങാനാവില്ല. ചളിവെള്ള അഭിഷേകം കാൽനട യാത്രക്കാർക്ക് സൗജന്യമാണ്. ട്രെയിനുകൾ കടന്നു പോകാൻ അടച്ച ഗേറ്റ് തുറക്കുന്ന വേളയിൽ കൂട്ടത്തോടെ വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും അപ്പുറം കടക്കാൻ പെടുന്ന പാട് കണ്ടു മടുത്തവരാണ് നാട്ടുകാർ.
തുടർ യാത്രയ്‌ക്ക് ഇരു ഭാഗത്തേക്കുള്ള പൊതുമരാമത്ത് വക റോഡുകൾ യാത്രാ യോഗ്യമാണെങ്കിലും റയിൽവേ വക റോഡിൽ മാത്രമാണ് കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുസ്സഹമാക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടുമുള്ള വലിയ വാഹനങ്ങളുടെ ഇടയിലൂടെ ഏറെ ബുദ്ധിമുട്ടുന്നത് ഇരുചക്ര വാഹനങ്ങളാണ്. വേഗം നിയന്ത്രിച്ചുള്ള യാത്രയ്ക്കിടെ അടിതെറ്റി വീണവരുമുണ്ടിവിടെ.
കോൺക്രീറ്റ് കട്ടകൾ
ഇറക്കിയിട്ട് ഒരുവർഷം
രണ്ടു ഗേറ്റുകൾക്കിടയിലുള്ള റെയിൽപ്പാളം കടന്നു പോകുന്ന ഇടവും ഗേറ്റുകളുടെ പുറത്തുള്ള ഏതാനും മീറ്ററുകൾ മാത്രം നീളമുള്ള റയിൽവേയുടെ അധീനതയിലുള്ള റോഡിന്റെ ഭാഗവും യാത്രായോഗ്യമാക്കാനായി കോൺക്രീറ്റ് കട്ടകൾ അങ്ങിങ്ങായി ഇറക്കി വെച്ചിട്ട് ഒരു വർഷം പിന്നിട്ടു. ഈ പണി ചെയ്യാൻ നിയുക്തനായ കരാറുകാരനെ ഇവിടെ എത്തിക്കാൻ റെയിൽവെ എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ചോദ്യം.
റെയിൽവേയുടെ അധീനതയിലുള്ള ഏതാനും മീറ്ററാണ് നിലവിൽ ഗതാഗത യോഗ്യമല്ലാത്തത്. ചാഞ്ഞും കുലുങ്ങിയുമുള്ള വാഹനയാത്ര ദുസ്സഹമാണിവിടെ. മഴ പെയ്താലുള്ള അവസ്ഥ അതിലേറെ ദയനീയമാണ്. ബന്ധപ്പെട്ടവരെ ഈ വിവരം അറിയിച്ചിരുന്നുവെങ്കിലും നാളിതുവരെ ഒന്നും നടന്നില്ല.
കെ.വി. ബാലകൃഷ്ണൻ, ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഈ റെയിൽപാള റോഡിലൂടെ നടന്ന് അപ്പുറം കടക്കാൻ സ്കൂൾ കുട്ടികൾ അടക്കം കാൽനട യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ട്രെയിൻ കടന്നു പോകാൻ അടച്ചിടുന്ന ഗേറ്റ് തുറക്കുന്നതോടെ വാഹന തിരക്കിനിടെ കാൽനട യാത്ര ഒഴിവാക്കുന്നവരിൽ ഒരാളാണ് ഞാൻ.
സൈനബ അബൂബക്കർ, വാർഡ് മെമ്പർ
കോട്ടിക്കുളം റെയിൽവേ ഗേറ്റ് തുക്കുന്നതും കാത്ത് വാഹനങ്ങൾ. റോഡിന്റെ ശോച്യാവസ്ഥയും കാണാം