കണ്ണൂർ: കണ്ണൂരിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെയും കോർപ്പറേഷൻ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥയ്ക്കെതിരെയും കൈക്കൂലിക്കേസിൽ അന്വേഷണം. കൈക്കൂലി വാങ്ങാൻ ഏജന്റുമാരെയും ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെയും അതിന് കൂട്ടു നിൽക്കുന്ന ഇടപാടുകാരെയും കണ്ടെത്താൻ കർശന പരിശോധനക്ക് തുടക്കമിട്ടത്.

കണ്ണൂർ കോർപറേഷൻ തോട്ടടയിലെ എടക്കാട് സോണൽ ഓഫീസിൽ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥ കൈക്കൂലി പണം കൈപറ്റിയത് ഗൂഗിൾ പേ വഴിയാണ്. വിജിലൻസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. രാവിലെ പതിനൊന്നരയോടെ ആരംഭിച്ച പരിശോധന ഉച്ച മൂന്നരയോടെയാണ് അവസാനിച്ചത്. കോൺട്രാക്ടർമാരിൽ നിന്നും ലൈസൻസ്ഡ് ബിൽഡിംഗ് സൂപ്പർവൈസർമാരിൽ നിന്നുമാണ് വെറും പത്തുമാസത്തെ മാത്രം സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിൽ വലിയ തോതിലുള്ള തുക കൈപ്പറ്റിയതായി കണ്ടെത്തിയത്.

പണം വാങ്ങുന്നത് നൂതന സാങ്കേതിക വിദ്യയിലൂടെ

കരാറുകാരുടെ ബിൽ പാസാക്കി കൊടുത്തതിന് തൊട്ടടുത്തുള്ള ദിവസങ്ങളിലാണ് കൈക്കൂലി പണം ഗൂഗിൾ പേ വഴി അക്കൗണ്ടിൽ എത്തിയത്. വിജിലൻസ് പരിശോധനക്കിടെ പരിഭ്രാന്തിയിലായ ഉദ്യോഗസ്ഥ ഇത്തരത്തിൽ കൈപ്പറ്റിയ പണം കരാറുകാരായ 3 പേർക്ക് തിരിച്ചയച്ചതായും വിജിലൻസ് സംഘം കണ്ടെത്തി. വിജിലൻസ് എസ്.ഐ നിജേഷ്, എ.എസ്.ഐ ജയശ്രീ, എസ്.സി.പി.ഒ ഹൈറേഷ്, സി.പി.ഒ ഷിജിത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

മണൽ കടത്തുകാരിൽ നിന്നും മണൽ കടത്ത് കേസുകളിൽ പ്രതികളായവരിൽ നിന്നും കൈക്കൂലി പണം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൈപ്പറ്റിയ റിട്ട.എ.എസ്.ഐ കെ.അനിഴനെതിരെ വിജിലൻസ് കേസെടുത്തു. കഴിഞ്ഞ മേയ് 31 ന് വളപട്ടണം പൊലീസ് സ്റ്റേഷനിൽ സർവ്വീസിലിരിക്കേ വിരമിച്ച അനിഴൻ 2023 മുതൽ സ്റ്റേഷനിൽ ജോലി ചെയ്ത കാലയളവിൽ ഗൂഗിൾ പേ, കാഷ് ഡെപോസിറ്റ് മെഷിൻ എന്നിവ വഴി പണം കൈപ്പറ്റി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. മണൽ മേഖലയിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ പേരിൽ സിം കാർഡ് എടുത്ത് അതുവഴിയാണ് കൈക്കൂലി ഇടപാടുകാരുമായി ഉദ്യോഗസ്ഥൻ ബന്ധം സ്ഥാപിച്ചത്.


ഡിജിറ്റൽ ഇടപാട് വഴി വിവിധ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥർ ഏജന്റ്മാരെ ഉപയോഗിച്ചും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലേക്കും കൈക്കൂലി പണം വാങ്ങിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് .ഇത്തരം ഉദ്യോഗസ്ഥരുടെ ലിസ്റ്റു തയ്യാറാക്കി വരികയാണ് -

ബാബു പെരിങ്ങേത്ത് , വിജിലൻസ് ഡി.വൈ.എസ്.പി