തലശേരി: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി 19 വരെ ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന തലശ്ശേരി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഠക.എ.എ) ഇന്ന് തിരിതെളിയുമെന്ന് സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവഹിക്കും. സ്പീക്കർ എ.എൻ.ഷംസീർ അദ്ധ്യക്ഷനാകും. ഉദ്ഘാടനച്ചടങ്ങിനുശേഷം കാൻ മേളയിൽ ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ 'ഓൾ വി ഇമാജിൻ ഏസ് ലൈറ്റ്' പ്രദർശിപ്പിക്കും.
ലിബർട്ടി ലിറ്റിൽ പാരഡൈസിൽ വൈകിട്ട് ആറു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി, ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സനും സംവിധായകനുമായ കെ.മധു, നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ഡബ്ബിംഗ് ആർട്ടിസ്റ്റ് സ്‌നേഹ എം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, നിർമ്മാതാവ് ലിബർട്ടി ബഷീർ തുടങ്ങിയവർ പങ്കെടുക്കും.

മേളയുടെ ഭാഗമായി എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള 'കാലം': മായാചിത്രങ്ങൾ' എന്ന ഫോട്ടോ എക്സിബിഷൻ ലിബർട്ടി തിയേറ്റർ പരിസരത്ത് ഒരുക്കിയപവലിയനിൽ സംഘടിപ്പിക്കും. 17,18 തീയതികളിൽ തലശ്ശേരി ജവഹർഘട്ടിൽ കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ചലച്ചിത്ര അക്കാഡമി ചെയർപേഴ്സൺ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, ഡെപ്യൂട്ടി ഡയറക്ടർ ഫെസ്റ്റിവൽ എച്ച്. ഷാജി, പ്രദീപ് ചൊക്ലി, എസ്.കെ. അർജുൻ, സുരാജ് ചിറക്കര എന്നിവർ പങ്കെടുത്തു.

ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ചലച്ചിത്രതാരം റിയ ഇഷയ്ക്ക് കൈമാറി നിർവഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, സെക്രട്ടറി സി അജോയ് തുടങ്ങിയവർ പങ്കെടുത്തു.