
കേരളത്തിലെ രാഷ്ട്രീയ കൊലപാതങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഏറ്റവും ക്രൂരതയേറിയ കൊലപാതകങ്ങളിൽ ഒന്നായിരുന്നു ടി.പി. ചന്ദ്രശേഖരന്റേത്. എന്നാൽ ഈ കേസിലെ പ്രതികൾക്ക് ജയിലിനകത്തും പുറത്തും ലഭിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക പരിഗണനകൾ ഇന്ന് നിയമവ്യവസ്ഥയിലും ജയിൽ ഭരണത്തിലും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സാധാരണ തടവുകാരന് സ്വപ്നം കാണാൻ പോലും കഴിയാത്ത സൗകര്യങ്ങളും ഇളവുകളും ലഭിക്കുന്ന ഈ പ്രതികളുടെ കഥ, നീതിന്യായ വ്യവസ്ഥയോടുള്ള സാധാരണക്കാരന്റെ വിശ്വാസം തന്നെ തകർക്കുകയാണ്.
തലപൊക്കി വിവാദം
2018-ൽ വലിയ വിവാദമായ സംഭവം 2025-ലും ആവർത്തിക്കപ്പെടുകയാണ്. ടി.പി. വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. നടുവേദന എന്ന കാരണം പറഞ്ഞ് ഒക്ടോബർ ഒമ്പതിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രജീഷിന്, 'രോഗം എപ്പോൾ ഭേദമാകും അതുവരെ' ചികിത്സ തുടരുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ഇത് രണ്ടാം തവണയാണ് രജീഷിന് ഇത്തരം സുഖചികിത്സ ലഭിക്കുന്നത്. 2018-ൽ മൂന്നുമാസത്തോളം രജീഷും മറ്റു പ്രതികളും ഇതേ ആശുപത്രിയിൽ പ്രത്യേക സൗകര്യങ്ങളോടെ ചികിത്സ നടത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മാസം 15 ദിവസത്തെ പരോൾ അനുവദിച്ച് വീട്ടിൽ പോയിട്ട് രണ്ടുമാസത്തിനുള്ളിൽ തന്നെയാണ് ഇപ്പോഴത്തെ ആശുപത്രിവാസം. പരോളിനും ജയിലിനുമിടയിലുള്ള ഒരു ഇടനില സൗകര്യമായി മാറിയിരിക്കുകയാണ് കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രി.
റിസോട്ടിൽ സുഖചികിത്സ
2018 ഒക്ടോബർ മുതൽ ഡിസംബർ വരെ മൂന്നുമാസക്കാലയളവിലുള്ള ചികിത്സയല്ല, ഏതാണ്ട് ഒരു റിസോർട്ട് താമസം പോലെയായിരുന്നു. ടി.പി. കേസ് പ്രതികളായ കെ.സി. രാമചന്ദ്രൻ, ടി.കെ. രജീഷ്, കതിരൂർ മനോജ് വധക്കേസ് പ്രതികളായ പ്രഭാകരൻ, ജിജേഷ്, റിജു എന്നിവർക്കു പുറമെ തൃശൂർ ഒറ്റപ്പിലാവ് കൊലപാതക കേസിലെ പ്രതിയായ ബാലാജി എം. പാലിശ്ശേരി വരെ ജില്ലാ ആയുർവേദ ആശുപത്രിയിൽ ദീർഘകാല വാസം ഉറപ്പിച്ചു
കൊടും കുറ്റവാളികൾക്ക് ചികിത്സ ആവശ്യമെങ്കിൽ പൊലീസ് സുരക്ഷയുള്ള പ്രത്യേക സെല്ലുകൾ ആശുപത്രിയിൽ വേണമെന്നാണ് ചട്ടം. എന്നാൽ ഈ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് സുഖചികിത്സ നടത്തിയത്. പ്രതികളിൽ ചിലർ ചികിത്സയ്ക്കിടയിൽ നാട്ടിൽ പോകുന്നതായും സൂചനകളുണ്ടായിരുന്നു. ജയിൽ തടവുകാർ സുഖചികിത്സ നടത്തുന്ന വാർത്ത മാദ്ധ്യമങ്ങളിൽ വന്നതോടെ, ആശുപത്രി രേഖകളും ദൃശ്യങ്ങളും പുറത്തു നൽകിയെന്നാരോപിച്ച് നാല് നഴ്സിംഗ് ജീവനക്കാരെ ഇരിണാവ്, തളിപ്പറമ്പ്, ചെറുകുന്ന്, ആലക്കോട് എന്നീ ആശുപത്രികളിലേക്കും സ്ഥലം മാറ്റി. ആഭ്യന്തര അന്വേഷണത്തിൽ കുറ്റം കണ്ടെത്തിയതിനാലാണ് സ്ഥലം മാറ്റിയതെന്നായിരുന്നു വിശദീകരണം.
മദ്യപാനം മുതൽ ഫോൺ ഉപയോഗം വരെ
മാഹി ഇരട്ടക്കൊലക്കേസിൽ വിചാരണയ്ക്കായി കൊണ്ടുപോയപ്പോൾ ടി.പി. കേസ് പ്രതി കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ തലശ്ശേരിയിലെ ഹോട്ടൽ മുറ്റത്തുവച്ച് പൊലീസ് നോക്കിനിൽക്കെ പരസ്യ മദ്യപാനം നടത്തിയതും അടുത്തിടെ വിവാദത്തിന് തിരികൊളുത്തിയിരുന്നു. കോടതിയിലെത്തിച്ച കൊടി സുനിയും സംഘവും കാവൽനിറുത്തിയ പൊലീസുകാരുടെ മുന്നിൽ മദ്യപിക്കുകയായിരുന്നു. ഈ സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.
വഴിവിട്ട പരോൾ
ജയിലിനുള്ളിലെ സുഖസൗകര്യങ്ങൾ മാത്രമല്ല, പരോളിന്റെ കാര്യത്തിലും ടി.പി. കേസ് പ്രതികൾക്ക് പ്രത്യേക പരിഗണന. വീട്ടിലെ അടുത്ത ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ടി.കെ. രജീഷിന് ആഗസ്റ്റിൽ 15 ദിവസത്തെ പരോൾ അനുവദിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊലപാതക പ്രതിക്ക് വഴിവിട്ട് പരോൾ അനുവദിക്കുന്നത് നിരന്തരം ആരോപണങ്ങൾക്ക് വഴിവെച്ചിട്ടും, അത് തുടരുന്നു എന്നതാണ് ഏറ്റവും വലിയ ആശങ്ക. തലശ്ശേരി പൊന്ന്യം സ്വദേശിയായ ടി.കെ. രജീഷ് ആദ്യമായി അറസ്റ്റിലായത് ടി.പി. കേസിലാണ്. എന്നാൽ അദ്ദേഹത്തിന്റെ കുറ്റകൃത്യ പട്ടിക അവിടെ അവസാനിക്കുന്നില്ല. കെ.ടി. ജയകൃഷ്ണൻ വധം ഉൾപ്പെടെ മറ്റ് മൂന്ന് കൊലപാതകങ്ങളിൽ കൂടി നേരിട്ട് പങ്കെടുത്തതായി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കോടതിയിൽ വിചാരണ സമയത്ത്, ശിക്ഷ വർദ്ധിപ്പിക്കാതിരിക്കാൻ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന ചോദ്യത്തിന്, രജീഷ് തന്റെ ആരോഗ്യപ്രശ്നങ്ങൾ എടുത്തുപറഞ്ഞു. രണ്ടു ചെവിക്കും സാരമായ പരുക്ക്, നട്ടെല്ലിൽ ക്ഷതം എന്നിവയെല്ലാം പൊലീസ് മർദ്ദനം മൂലമാണെന്നും രജീഷ് അവകാശപ്പെട്ടു.
മൗനം പാലിക്കുന്ന അധികാരികൾ
ഈ സംഭവങ്ങളുടെ ആവർത്തനത്തിൽ ഏറ്റവും ആശങ്കാജനകമായ വശം സർക്കാർ വൃത്തങ്ങളുടെയും ജയിൽ ഉപദേശക സമിതിയുടെയും മൗനമാണ്. 2018-ലുണ്ടായ വിവാദത്തിന് ശേഷം, അതേ രീതി 2025-ലും ആവർത്തിക്കപ്പെടുമ്പോൾ, ഇതുവരെ യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല. ജയിൽ ഡോക്ടറുടെ നിർദേശപ്രകാരമാണ് ചികിത്സയെന്ന് ജയിൽ അധികൃതർ വിശദീകരിക്കുമ്പോൾ, ഡി.എം.ഒ അടങ്ങിയ മെഡിക്കൽ ബോർഡ് ഈ നിർദ്ദേശം അംഗീകരിച്ചെന്നും അവകാശപ്പെടുന്നു. എന്നാൽ സാധാരണ തടവുകാർക്ക് ഇത്തരം സൗകര്യങ്ങൾ ലഭിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഫോൺ സൗകര്യം, പ്രത്യേക അടുക്കള, വഴിവിട്ട പരോൾ, മദ്യപാനം, സുഖചികിത്സ ഇതെല്ലാം സാധാരണ തടവുകാർക്ക് അസാദ്ധ്യമായ സ്വപ്നങ്ങൾ മാത്രമാണ്. എന്നാൽ രാഷ്ട്രീയ പിന്തുണയുള്ള കൊലപാതക പ്രതികൾക്ക് ഇവയെല്ലാം സുലഭമായ യാഥാർത്ഥ്യമാണ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനകളുടെ കഥ, നമ്മുടെ ജയിൽ വ്യവസ്ഥയിലെയും നീതിന്യായ വ്യവസ്ഥയിലെയും ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. നിയമം എല്ലാവർക്കും തുല്യമാണെന്ന സിദ്ധാന്തം ഇവിടെ ഒരു മിഥ്യ മാത്രമാകുമ്പോൾ, സാധാരണക്കാരൻ എന്ത് വിശ്വസിക്കണം? വിവാദങ്ങൾ ഈ വർഷവും ആവർത്തിക്കപ്പെടുമ്പോൾ, ഇത് വെറും അശ്രദ്ധയല്ല, ആസൂത്രിതമായ ഒരു നീക്കമാണെന്നും വ്യക്തമാണ്.