photo-
മോഷണംനടന്ന മാട്ടൂലിലെ വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു

പഴയങ്ങാടി: മാട്ടൂലിൽ 22 പവനും ആറ് ലക്ഷം രൂപയും മോഷ്ടിച്ച സംഭവത്തിൽ പഴയങ്ങാടി സി.ഐ എൻ.കെ സത്യനാഥന്റെ നേതൃത്തിലുള്ള അന്വേഷണ സംഘവും ഫോറൻസിംഗ് വിഭാഗം, ഡോഗ് സ്‌ക്വാഡ് എന്നിവരും സംഭവം നടന്ന വിടും പരിസരവും വിശദമായി പരിശോധന നടത്തി. സ്ട്രീറ്റ് നമ്പർ 23 ൽ മാട്ടൂൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ സി.എം.കെ ഹഫ്സത്തിന്റെ വീട്ടിൽ ബുധനാഴ്ച വൈകിട്ടായിരുന്നു മോഷണം. സ്വർണവും പണവും അലമാരയിലാണ് അടച്ചു പൂട്ടിയാണ് സൂക്ഷിച്ചിരുന്നത്.

താക്കോൽ മറ്റൊരു വലിപ്പിൽ ആയിരുന്നു. മോഷ്ടാക്കൾ താക്കോൽ എടുത്ത് അലമാര തുറന്ന് മോഷണം നടത്തിയ ശേഷം പഴയപടി പൂട്ടുകയായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹഫ്സത്തിന്റെ ഭർത്താവ് തളിപ്പറമ്പിലെ ആശുപത്രിയിലും അഫ്സത്ത് തൊട്ടടുത്ത വീട്ടിൽ രോഗിയെ കാണാൻ പോയ സമയത്തുമായിരുന്നു മോഷണം. അര മണിക്കൂറിനകം ഹഫ്സത്ത് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. വീട്ടിലെത്തിയ ശേഷം മുൻവശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും തുറക്കാനായില്ല.

അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയൽവാസികളെ വിളിച്ചു വരുത്തി നോക്കിയപ്പോഴാണ് അടുക്കള വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. മോഷ്ട്ടാവ് ഇതുവഴി ഇറങ്ങി ഓടിയതിന്റെ കാൽപ്പാടുകളും അടുക്കള ഭാഗത്തുണ്ട്. മുൻഭാഗത്തെയും പിൻഭാഗത്തെയും വാതിലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. പയ്യന്നൂർ ഡിവൈ.എസ്.പി കെ വിനോദ് കുമാറും മോഷണം നടന്ന വീട് പരിശോധിച്ചു.