dr-
പുനർജനി കാൻസർ സൊസൈറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ

കാൻസർ ബോധവത്കരണ ക്‌ളാസ് 18 ന് ചെറുവത്തൂരിൽ

ചെറുവത്തൂർ: സമൂഹത്തിൽ കാൻസർ രോഗം കൊണ്ട് അവശതയനുഭവിക്കുന്ന നിർദ്ധനരായ രോഗികൾക്ക് മികച്ച ചികിത്സയും പുനർജീവനവും നൽകുന്നതിന് ആവശ്യമായ സഹായം നൽകുന്നതിനും വഴികാട്ടുന്നതിനും വേണ്ടി കാസർകോട് ജില്ല കേന്ദ്രീകരിച്ച് രൂപീകരിച്ച 'പുനർജനി' കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 18ന് ചെറുവത്തൂരിൽ കാൻസർ ബോധവത്കരണ ക്ലാസ് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

രാവിലെ 10 മണി മുതൽ കുട്ടമത്ത് പൂമാല ഓഡിറ്റോറിയത്തിൽ നടക്കുന്ന ബോധവത്കരണ പരിപാടിയിൽ കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിലെ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻ കുട്ടി വാര്യർ ക്ലാസെടുക്കും. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സി.കെ സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.

ചെറുവത്തൂരിലും പരിസര പഞ്ചായത്തുകളിലുമുള്ള കാൻസർ രോഗം ബാധിച്ചു വിഷമിക്കുന്ന രോഗികൾക്ക് കാൻസർ ആശുപത്രികളുടെ സഹായത്തോടെ കൈത്താങ്ങാകുകയും അതോടൊപ്പം കാൻസർ രോഗം പിടിപ്പെട്ടുകഴിഞ്ഞവർക്ക് ശരിയായ ചികിത്സാ മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും. ചുരുങ്ങിയ ചിലവിൽ എങ്ങനെ കാൻസർ രോഗം ഭേദമാക്കാമെന്നുള്ള അറിവ് നൽകൽ പ്രധാന ചുമതലയായി കാണുകയാണ് സൊസൈറ്റി നേതൃത്വം. രണ്ടാം ഘട്ടമായി രോഗനിർണയ ക്യാമ്പുകൾ അടക്കം സംഘടിപ്പിക്കും. കാൻസർ രോഗികൾക്ക് പ്രതീക്ഷ നൽകുന്ന തരത്തിലുള്ള ഇടപെടലിനായി സൊസൈറ്റിയുടെ പ്രവർത്തനം വിപുലീകരിക്കും. സഹായങ്ങൾ ലഭ്യമാക്കാൻ പ്രത്യേകം ചികിത്സാനിധി രൂപീകരിക്കും. തുടർന്നുള്ള പ്രവർത്തനത്തിനായി രോഗ പ്രതിരോധവും ബോധവത്കരണവും സാന്ത്വന ചികിത്സയുമെല്ലാം അടങ്ങുന്ന മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കാൻസർ കെയർ സൊസൈറ്റി നിലവിൽ വന്നത്.

വാർത്ത സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റും ചെറുവത്തൂർ കെ.എ.എച്ച് ആശുപത്രി എം.ഡിയുമായ ഡോ. ടി.കെ. മുഹമ്മദലി, വൈസ് പ്രസിഡന്റും പ്രമുഖ ഓങ്കോളജിസ്റ്റുമായ ഡോ. ബൈജുമോൻ, ട്രഷറർ ഡോ. കെ.വി ശശിധരൻ, ഉപദേശക സമിതി അംഗം കരിമ്പിൽ കൃഷ്ണൻ, നിയമോപദേഷ്ടാവ് അഡ്വ. വി.വി രവീന്ദ്രൻ, കോർ കമ്മിറ്റി അംഗം ടി. മനോഹരൻ, പി.ആർ.ഒ യൂസഫ് കാടങ്കോട് എന്നിവർ പങ്കെടുത്തു.