കാസർകോട്: വെള്ളരിക്കുണ്ടിൽ മാവോയിസ്റ്റ് ആശയമുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ.പി സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ആണ് അന്വേഷണം. രഹസ്യാന്വേഷണ വിഭാഗവും എ.ടി.എസ് ഉദ്യോഗസ്ഥരും വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തി തെരച്ചിൽ നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ തൊട്ടുമുമ്പ് ഈ മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം അറിയിച്ചതിന് പിന്നിൽ ഗൂഡോദ്ദേശം ഉണ്ടെന്നാണ് സൂചന. ബിരിക്കുളം പ്ലാത്തടം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് വെള്ളിയാഴ്ച രാവിലെ മാവോയിസ്റ്റ് പോസ്റ്റർ പതിച്ചതായി കണ്ടത്. രണ്ടു പോസ്റ്ററുകൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഷെഡിൽ പതിച്ചിരുന്നു. നാലു പോസ്റ്ററുകൾ നിലത്ത് വീണു കിടക്കുന്ന നിലയിലും കണ്ടെത്തി. പോസ്റ്റർ ഒട്ടിക്കുന്നതിനിടയിൽ വാഹനം വന്നപ്പോൾ ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞത് ആകാനാണ് സാദ്ധ്യതയെന്നാണ് നിഗമനം. സി.സി ടി.വി ദൃശ്യങ്ങൾ ഒന്നും എ.ടി.സിന് ലഭിക്കാതിരുന്നത് അന്വേഷണത്തെ ബാധിക്കും. നാഗ്പൂർ ജയിലിൽ അടച്ച സഖാവ് റിജാസിനെ ഉടൻ വിട്ടയക്കുക, ഉത്തരേന്ത്യയിലെ നിരപരാധികളായ ആദിവാസികളുടെ കൂട്ടക്കൊലകൾ ഉടൻ അവസാനിപ്പിക്കുക, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെ അനുഭവിക്കേണ്ടിവന്ന ബ്രാഹ്മണ്യ ഹിന്ദു ഫാസിസത്തിന് എതിരെ പോരാട്ടം ശക്തമാക്കുക എന്നിങ്ങനെയാണ് ജനകീയ വിമോചന മുന്നണി ഏരിയ കമ്മിറ്റി എന്ന പേരിൽ പതിച്ച പോസ്റ്ററിൽ ഉള്ളത്. അതേസമയം പോസ്റ്ററിന് പിന്നിൽ പ്രവർത്തിച്ചത് ദളിത് പീഡനത്തിനും സവർണ്ണ ഫാസിസത്തിനെതിരെയും പ്രവർത്തിക്കുന്ന ഒരു സംഘടനയിലെ ആളുകളായിരിക്കാമെന്നും സംശയിക്കുന്നുണ്ട്. മാവോയിസ്റ്റുകളെ പഴിചാരി രക്ഷപ്പെടാനുള്ള നീക്കമാണ് പ്രചരണത്തിന് പിന്നിൽ എന്നും പറയുന്നു.