ഇരുചക്രവാഹനാപകടങ്ങൾ പതിവായി
ഇരിട്ടി: പൊട്ടിപ്പൊളിഞ്ഞ് ദുരിത പാതയായി മാറിയ നേരംപോക്ക് -എടക്കാനം റോഡിൽ വാഹനാപകടങ്ങൾ പെരുകുന്നു. എങ്ങോട്ടും വെട്ടിക്കാൻ കഴിയാത്തവിധം തകർന്നുകിടക്കുന്ന റോഡിലെ കുണ്ടിലും കുഴിയിലും വീണ് നിയന്ത്രണം വിട്ട് ഇരു ചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽ പെടുന്നത്. തിങ്കളാഴ്ച ഉച്ചയോടെ ഇരിട്ടി ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴൂർ സ്വദേശിയാണ് നേരംപോക്ക് വയൽ തുടങ്ങുന്ന ഭാഗത്ത് രൂപപ്പെട്ട വലിയ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണത്.
കീഴൂർ സപ്തമിയിൽ റിട്ട. പൊലീസ് എസ്.ഐ പി.വി. ലക്ഷ്മണനാണ് അപകടത്തിൽ പെട്ടത്. വീഴ്ചയിൽ കാൽമുട്ട് റോഡിൽ ഇടിച്ച് മുട്ടിനു പരിക്കേൽക്കുകയും പാന്റ്സ് കീറുകയും ചെയ്തു. തകരാറിലായ സ്‌കൂട്ടർ വർക്ക്‌ഷോപ്പിൽ നിന്നും മെക്കാനിക്കിനെ വിളിച്ചാണ് പ്രവർത്തനക്ഷമമാക്കിയത്.
കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇതേ റോഡിൽ കൊടുവേലി തോടിന്റെ കലുങ്കിന് സമീപം ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടമുണ്ടായിരുന്നു. വ്യാഴാഴ്ച അപകടത്തിൽ പെട്ടത് ചാവശ്ശേരി സ്വദേശിയായിരുന്നെങ്കിൽ വെള്ളിയാഴ്ച അപകടത്തിൽ പെട്ടത് പെരുമണ്ണ് സ്വദേശികളായിരുന്നു. ചാവശ്ശേരി സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ബൈക്കിന്റെ ഗ്ലാസ് തകർന്നു. ഇത്തരം അപകടങ്ങൾ നിത്യവും ഉണ്ടാകുന്നുണ്ടെങ്കിലും കാര്യമായ പരിക്കുകളോ മരണമോ ഉണ്ടാകാത്തതാണ് വർത്തയാകാതെ പോകുന്നത്.
വർഷങ്ങളായി അറ്റകുറ്റപ്പണികൾ അടക്കം നടത്താതെ ഏറെ അപകടാവസ്ഥയിലാണ് റോഡ് സ്ഥിതിചെയ്യുന്നത്. കാൽ നടയാത്രപോലും ദുഷ്‌കരമായ റോഡിൽ ഇപ്പോൾ ഓട്ടോറിക്ഷകൾ പലതും ഓട്ടം പോകുന്നില്ല.
കരാർ നല്കിയെങ്കിലും പ്രവൃത്തി നീളുന്നു
ഒരു വർഷത്തോളമായി റോഡ് ടാറിംഗ് നടത്തുമെന്ന് പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും ഒന്നും നടന്നില്ല. റോഡ് പ്രവൃത്തി കരാർ നൽകിയെങ്കിലും ഇതിനാവശ്യമായ മെറ്റൽ അടക്കമുള്ള സാധനങ്ങൾ ഇറക്കി വെച്ചിട്ടുണ്ടെങ്കിലും തുടർച്ചയായി പെയ്യുന്ന മഴയാണ് ഇതിന് തടസ്സമായി നിൽക്കുന്നത് എന്നാണ് പറയുന്നത്. ഇതിനിടയിൽ തകർന്നു നാമാവശേഷമായി കിടക്കുന്ന റോഡിന്റെ അരികിലൂടെ ടെലഫോൺ കേബിളിടുന്നതിനായി കുഴികളെടുക്കുകയും കുടിവെള്ള വിതരണപൈപ്പിടാനായി ചാലുകീറിയതും ദുരിതം ഇരട്ടിപ്പിച്ചിരിക്കയാണ്.