തലശ്ശേരി: തിങ്കളാഴ്ച പുലർച്ചെ തലായി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ നിട്ടൂർ ഉമീറാ മൻസിലിൽ ടി.എം.ഉമ്മറിന്റെ ബദർ ഫൈബർ വള്ളം മാഹിക്കടുത്ത് കടലിൽ മുങ്ങി കാണാതായി. പിടിച്ച മത്സ്യം ചോമ്പാലിൽ വിൽപന നടത്തി തിരിച്ചു വരുന്നതിനിടയിലാണ് ബോട്ട് മുങ്ങിയത്. അപകടം നടക്കുന്നതിന് തൊട്ടു മുൻപെ ബോട്ടിനടിയിൽ എന്തോ വന്നിടിക്കുന്ന ശബ്ദം കേട്ടതായി ഉമ്മർ പറയുന്നു. എന്താണെന്ന് പരിശോധിക്കുന്നതിനിടെ ബോട്ട് കടലിൽ താഴ്ന്നു തുടങ്ങിയിരുന്നു. ബഹളം കേട്ടെത്തിയ തോണിക്കാർ ഉമ്മറിനെയും ബോട്ട് ഡ്രൈവർ പുന്നോൽ കരീക്കുന്നിലെ ഏറോൾഡ് പീറ്റർ, തൊഴിലാളികളായ ധർമ്മത്തെ കരിം, ചോരക്കുളത്തെ റഫീഖ് എന്നിവരെയും രക്ഷിച്ചു. ജീവൻ തിരിച്ചു കിട്ടിയെങ്കിലും ജീവിത മാർഗ്ഗം നഷ്ടമായതിന്റെ വേദനയിലാണ് ഉമ്മർ. ബോട്ടും വലയും അനുബന്ധ ഉപകരണങ്ങളും ഉൾപെടെ 13 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി ഉമ്മർ പറയുന്നു. ഫിഷറീസ് വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.