ph-1-

കണ്ണൂർ: നഗരത്തിൽ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ തോട്ടട സമാജ് വാദി കോളനിയിലെ 55കാരിയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ മലപ്പുറം തൃക്കണ്ണാപുരം സ്വദേശി ശശികുമാറിനെ (52) ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു.

ലൈംഗികാതിക്രമത്തിനിടെ നെറ്റിയിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. കണ്ണൂർ പാറക്കണ്ടിയിൽ ബിവറേജസ് ഔട്ട്‌‌ലെറ്റിന് സമീപത്തെ കടവരാന്തയിൽ ചൊവ്വാഴ്ച രാവിലെയാണ് മദ്ധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നെറ്റിയിലെ മുറിവിൽ നിന്ന് രക്തം വാർന്ന് ഒഴുകിയിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. സംഭവ സമയത്ത് ഇരുവരും കടവരാന്തയിൽ ഉണ്ടായിരുന്നതിന് ദൃക്‌സാക്ഷികളുണ്ട്.

ആക്രി പെറുക്കലായിരുന്നു ഇരുവരുടേയും പ്രധാന ജോലി. ശശികുമാർ തെങ്ങുകയറ്റ തൊഴിലാളി കൂടിയാണ്. സംഭവശേഷം പ്രതി സാധാരണ പോലെ ജോലിക്ക് പോയിരുന്നു. മൂന്നു ദിവസം മുമ്പാണ് മദ്ധ്യവയസ്ക വീട്ടിൽ എത്തിയതെന്നും മിക്ക ദിവസങ്ങളിലും നഗരത്തിൽ തങ്ങാറാണ് പതിവെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.