കണ്ണൂർ: പൊതു വിദ്യാലയത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് തുരുമ്പെടുത്ത് നശിക്കുന്നു. കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് അന്നത്തെ എം.എൽ.എ ആയിരുന്ന എ. പി. അബ്ദുള്ളക്കുട്ടി 2011-12 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച് വാങ്ങിയ ബസാണ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ കാട് കയറി നശിക്കുന്നത്.
ആറ് വർഷമായി ബസ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് മഴയും വെയിലുമേറ്റ് ഉപയോഗശൂന്യമായി കട്ടപ്പുറത്താണ്. എ.പി.അബ്ദുള്ളക്കുട്ടിയിൽ സമ്മർദ്ദം ചെലുത്തിയാണ് വിദ്യാലയത്തിന് ബസ് അനുവദിച്ച് കിട്ടിയത്. തുടർന്ന് അഞ്ച് വർഷത്തോളം വിദ്യാലയത്തിനായി ബസ് സർവീസ് നടത്തിയിട്ടുണ്ട്. തുടർന്നുള്ള ഒരു വർഷം സമീപത്തെ മറ്റൊരു വിദ്യാലയത്തിലെ കുട്ടികളെയെത്തിക്കുന്നതിനും ബസ് ഉപയോഗിച്ചിരുന്നു. പിന്നീടാണ് ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായത്.
പരിചരണമില്ലാതെയായി
ലക്ഷങ്ങൾ ചെലവിട്ടാൽ മാത്രമേ ബസ് നിരത്തിലിറക്കാനാവൂ. യഥാസമയം അറ്റകുറ്റ പണികൾ നടത്തിയിരുന്നെങ്കിൽ ബസ് ആവശ്യമുള്ള മറ്റേതെങ്കിലും സർക്കാർ വിദ്യാലയത്തിനെങ്കിലും ഉപയോഗിക്കാനാകുമായിരുന്നു. കായിക വകുപ്പിന്റെ കീഴിലുള്ള സ്‌പോർട്‌സ് ഡിവിഷൻ വിദ്യാർത്ഥികളുടെ യാത്രക്കെങ്കിലും ഉപകരിക്കാവുന്ന ബസാണ് അധികൃതരുടെ അനാസ്ഥയിൽ കാട് കയറി തുരുമ്പെടുക്കുന്നത്.